ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് ദുരന്തം നേരിട്ട തമിഴ്‌നാടിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചിരിക്കുന്നത്. 2000 കോടി രൂപയുടെ സഹായമാണ് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.(Cyclone Fengal; central government approves release of Rs 944.80 crore for Tamil Nadu)
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാർ തുക അനുവദിക്കുകയായിരുന്നു. ദുരന്തം വിലയിരുത്താനായി കേന്ദ്രസംഘം ഇന്ന് തമിഴ്‌നാട്ടിൽ എത്തിയിരുന്നു. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന് ശേഷം കൂടുതൽ തുക നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം തമിഴ്നാട് തീരത്ത് വീണ്ടും കാലാവസ്ഥാ വകുപ്പ് ന്യൂനമർദ്ദ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറിയേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.