ലക്നൗ: സഹോദരങ്ങളും ഭാര്യമാരും ചേർന്ന് അമ്മയെ കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവാവ് രംഗത്ത്. ഉത്തർപ്രദേശ് സ്വദേശിനിയായ പവിത്ര ദേവിയുടെ മരണത്തിലാണ് ദുരൂഹത ഉണ്ടെന്ന ആരോപണവുമായി മകൻ എത്തിയിരിക്കുന്നത്. രണ്ട് വർഷം മുമ്പായിരുന്നു പവിത്ര ദേവി മരിച്ചത്.
മരണ ശേഷം നടത്തിയ ആന്തരികാവയവ പരിശോധനാ ഫലം പുറത്തു വന്നതോടെയാണ് ആണ്മക്കളിൽ ഒരാളായ യോഗേന്ദ്ര സിംഗ് യാദവ് സഹോദരങ്ങൾക്കും അവരുടെ ഭാര്യമാർക്കും എതിരെ പരാതിയുമായി എത്തിയത്. വിഷം ഉള്ളിൽ ചെന്നതാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നായിരുന്നു പരിശോധനാ ഫലത്തിൽ പറയുന്നത്.
അമ്മയെ തൻറെ സഹോദരങ്ങളായ രവീന്ദ്ര പാൽ, ബിജേന്ദ്ര പാൽ, നരേന്ദ്ര പാൽ എന്നിവർ ചേർന്ന് വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു എന്നും, ഇവരുടെ ഭാര്യമാരുടെ അറിവോടെ തന്നെയാണ് വിഷം നൽകിയത് എന്നുമായിരുന്നു യോഗേന്ദ്ര പറയുന്നത്. പവിത്ര ദേവിയുടെ മരണ ശേഷം പോസ്റ്റ് മോർട്ടം നടത്തിയിരുന്നു . പക്ഷെ ആന്തരീകാവയവങ്ങളുടെ പരിശോധനാ ഫലം ലഭിക്കാൻ വൈകുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
മകൻ നൽകിയ പരാതിയെ അടിസ്ഥാനമാക്കി ഇയാളുടെ സഹോദരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. തൻറെ ജീവന് ഭീഷണിയുള്ളതായി അമ്മ പറഞ്ഞിരുന്നുവെന്നും യോഗേന്ദ്ര പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും ജലേസർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പറഞ്ഞു.