ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം
കലിഫോർണിയ: ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യപ്രശ്നത്തെ തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങിയ ക്രൂ-11 ദൗത്യസംഘം ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.11ന് കലിഫോർണിയ തീരത്ത് കടലിൽ സുരക്ഷിതമായി തിരിച്ചിറങ്ങി.
13 മിനിറ്റ് നീണ്ട ഡീ-ഓർബിറ്റ് ജ്വലനത്തിനു ശേഷമാണ് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം കടലിൽ സ്പ്ലാഷ് ഡൗൺ നടത്തിയത്.
വൈദ്യസഹായം ആവശ്യമായ ഒരു യാത്രികനും മറ്റ് മൂന്ന് ക്രൂ അംഗങ്ങളുമാണ് ദൗത്യത്തിൽ നിന്ന് നേരത്തെ മടങ്ങിയത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ (ISS) 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബഹിരാകാശ യാത്രികന്റെ ആരോഗ്യപ്രശ്നത്തെ തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്. ഈ ചരിത്രപരമായ തിരിച്ചിറക്കം നാസ തത്സമയം സംപ്രേക്ഷണം ചെയ്തു.
നാല് അംഗ സംഘമാണ് മടങ്ങിയത്
യുഎസ്, റഷ്യ, ജപ്പാൻ രാജ്യങ്ങളിൽ നിന്നുള്ള നാല് ബഹിരാകാശ യാത്രികരാണ് ക്രൂ-11 ദൗത്യസംഘത്തിലുള്ളത്. സീന കാർഡ്മാൻ, മൈക്ക് ഫിൻകെ, കിമിയ യുയി, ഒലെഗ് പ്ലറ്റോനോവ് എന്നിവരാണ് ഭൂമിയിലേക്ക് മടങ്ങിയവർ.
ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിലാണ് ഇവരുടെ യാത്ര.
ക്രൂ-11 മടങ്ങിയതോടെ ഐഎസ്എസിൽ അംഗങ്ങളുടെ എണ്ണം താൽക്കാലികമായി കുറയും. നിലവിൽ ഏഴ് പേരുണ്ടായിരുന്ന നിലയത്തിൽ ഇനി നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികളും മാത്രമാണ് അവശേഷിക്കുക.
രോഗബാധിതനായ സഞ്ചാരിയെ തിരിച്ചെത്തിച്ച ഉടൻ വിശദമായ വൈദ്യപരിശോധനയ്ക്കായി മാറ്റുമെന്ന് നാസ അറിയിച്ചു.
10.5 മണിക്കൂർ നീണ്ട മടക്കയാത്ര
ഐഎസ്എസിൽ നിന്ന് വിജയകരമായി അൺഡോക്കിങ് പൂർത്തിയാക്കിയ ശേഷം ഏകദേശം പത്ത് മണിക്കൂർ മുപ്പത് മിനിറ്റ് സമയമെടുത്താണ് പേടകം ഭൂമിയിലെത്തിയത്. ഓസ്ട്രേലിയയ്ക്ക് മുകളിൽ വച്ചാണ് ബഹിരാകാശ നിലയത്തിൽ നിന്ന് ഡ്രാഗൺ പേടകം വേർപെട്ടത്.
2025 ഓഗസ്റ്റിലാണ് ക്രൂ-11 ദൗത്യസംഘം ഐഎസ്എസിലെത്തിയത്. 2026 ഫെബ്രുവരി അവസാനം വരെ ബഹിരാകാശത്ത് തുടരാനായിരുന്നു പദ്ധതിയെങ്കിലും, ഒരംഗത്തിന് അടിയന്തര വൈദ്യസഹായം ആവശ്യമായതിനെ തുടർന്നാണ് ദൗത്യം നേരത്തെ അവസാനിപ്പിച്ചത്.
സ്വകാര്യത പരിഗണിച്ച്, രോഗബാധിതനായ യാത്രികൻ ആരാണെന്നും അസുഖത്തിന്റെ സ്വഭാവമെന്താണെന്നും നാസ വ്യക്തമാക്കിയിട്ടില്ല.
English Summary
NASA’s Crew-11 mission returned to Earth earlier than planned after one astronaut developed a medical condition requiring treatment. The SpaceX Dragon capsule safely splashed down off the California coast at 2:11 PM IST after a 13-minute de-orbit burn. This marks the first time in the ISS’s 25-year history that a mission was shortened due to an astronaut’s health issue. Four crew members from the US, Russia, and Japan returned, while the ISS will temporarily operate with a reduced crew. NASA has not disclosed details of the medical condition, citing privacy concerns.
crew-11-mission-early-return-health-issue-california-splashdown
Crew-11, NASA, SpaceX, ISS, Space Mission, Astronaut Health, Dragon Capsule, Science News









