തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങളുടെ ടയറുകൾ മോഷണം പോയി. പാറാശാല സബ്ബ് ട്രഷറി, വില്ലേജ് ഓഫീസ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രി, പോലീസ് സ്‌റ്റേഷൻ, പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസ് എന്നീ സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങളുടെ ടയറുകളാണ് മോഷ്ടിക്കപ്പെട്ടത്.വിവിധ കേസ്സുകളിലായി പാറശ്ശാല പോലീസ് പിടികൂടി കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന രണ്ട് കാറുകളിൽനിന്നായി നാല് ടയറുകളാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
പോലീസ് സ്‌റ്റേഷന് മുന്നിൽനിന്ന് 50 മീറ്റർ അകലെ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്‌കോർപ്പിയോ എസ്.യു.വിയുടെ പിന്നിലെ രണ്ട് ടയറുകളും മുന്നിലെ ഒന്നും ഇയോൺ കാറിന്റെ പിന്നിലെ ഒരു ടയറുമാണ് ബുധനാഴ്ച രാത്രിയിൽ മോഷണം പോയത്.
പാറശ്ശാല ബ്ലോക്ക് ഓഫീസിന്റെ മതിലിനോട് ചേർന്ന് പോലീസ് സ്‌റ്റേഷൻ റോഡിലാണ് രണ്ട് വാഹനങ്ങളും നിർത്തിയിട്ടിരുന്നത്. ടയറുകൾ മോഷ്ടിക്കപ്പെട്ട കാര്യം ഈ റോഡിലൂടെ പതിവായി സഞ്ചരിക്കുന്നവരാണ് ശ്രദ്ധിച്ചത്. സംഭവത്തിൽ പാറശ്ശാല പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാഹനങ്ങൾ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർക്ക് മാത്രമേ ഇത്തരത്തിൽ വേഗത്തിൽ ടയറുകൾ ഇളക്കിമാറ്റുവാൻ സാധിക്കുകയുളളൂ എന്ന നിഗമനത്തിലാണ് പോലീസ്. ഇക്കാര്യം കേന്ദ്രീകരിച്ചാണ് അന്വേഷണം.