പത്തനംതിട്ട: കൂത്താട്ടുകുളം നഗരസഭയിലെ ഇടതു കൗൺസിലർ കലാ രാജുവിനെതിരായ സിപിഎം അതിക്രമം നിയമസഭയിൽ ചർച്ചയായപ്പോൾ സിപിഎമ്മിനെയും സർക്കാരിനെയും ന്യായീകരിക്കാൻ മുൻപന്തിയിലുണ്ടായിരുന്നത് ആരോഗ്യമന്ത്രി വീണാ ജോർജ്ജായിരുന്നു.
എന്നാൽ, വീണാ ജോർജ്ജിന്റെ മാതാവിനെയും സിപിഎം നേതാക്കൾ മർദ്ദിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പത്തനംതിട്ട നഗരസഭയിൽ സിപിഎം കൗൺസിലറായിരിക്കെയാണ് വീണാ ജോർജ്ജിന്റെ മാതാവ് റോസമ്മ കുര്യാക്കോസിനെ സിപിഎമ്മുകാർ മർദ്ദിച്ചത്.
വീണാ ജോർജ്ജിന്റെ മാതാവ് റോസമ്മ കുര്യാക്കോസ് വർഷങ്ങൾക്കു മുൻപ് സിപിഎമ്മിൽനിന്നു നേരിട്ടത് കലാ രാജുവിന്റേതിനു സമാനമായ അനുഭവമായിരുന്നു എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
എൽഡിഎഫ് ഭരിച്ചിരുന്ന പത്തനംതിട്ട നഗരസഭയിൽ ചെയർപഴ്‌സൻ അമൃതം ഗോകുലനെതിരെയും വൈസ് ചെയർമാൻ മുഹമ്മദ് സാലിക്കെതിരെയും 2007 ജനുവരി 10ന് യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നപ്പോഴാണ് അന്നു കൂറുമാറിയ റോസമ്മ കുര്യാക്കോസിനു മർദനമേറ്റത്.
യോഗത്തിനെത്തിയ തന്നെ വളഞ്ഞുനിന്ന് ആക്രമിച്ചു എന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബ്ലൗസ് വലിച്ചു കീറുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്‌തുവെന്നും അവർ ആരോപിച്ചു.
29 അംഗ കൗൺസിലിൽ 12 യുഡിഎഫ് അംഗങ്ങൾക്കു പുറമേ ഇടതുമുന്നണിയിൽനിന്നു കൂറുമാറിയെത്തിയ മൂന്നു അംഗങ്ങളും അവിശ്വാസത്തെ അനുകൂലിച്ചു വോട്ടു ചെയ്യാൻ എത്തിയിരുന്നു. ഇവർക്കും മർദനമേറ്റു.
സമീപകാലത്തു സംസ്‌ഥാനം കണ്ട ഏറ്റവും ക്രൂരമായ ജനാധിപത്യധ്വംസനമാണു പത്തനംതിട്ടയിലേതെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി വിമർശിക്കുകയും ചെയ്തു.
2007 ഫെബ്രുവരി രണ്ടിന് അവിശ്വാസം പാസായി; യുഡിഎഫ് ജയിച്ചു. എൽഡിഎഫ് വിപ്പ് റോസമ്മ കൈപ്പറ്റാതെ പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു.