പാലക്കാട്: പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റേതെന്ന് പറയുന്ന നീല ട്രോളി ബാഗുമായി ഫെനി മറ്റൊരുവാഹനത്തില്‍ ഹോട്ടലിന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. നവംബർ 5ന് രാത്രി 10 മുതൽ 11.30 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.(CPM has released more footage on the Palakkad black money allegation)
കെപിഎം ഹോട്ടലില്‍ നിന്ന് ബാഗുമായി പുറത്തേക്ക് വന്ന ഫെനി വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനത്തിലാണ് ബാഗ് കയറ്റുന്നത്. ഈ സമയം രാഹുൽ മാങ്കൂട്ടത്തിലും വാഹനത്തിനടുത്തുണ്ട്. എന്നാൽ ഇതേബാഗുമായി ഫെനി വീണ്ടും ഹോട്ടലിനകത്തേക്ക് പോയി. പിന്നീട് മറ്റൊരു ബാഗുമായി തിരിച്ചു വരികയും വീണ്ടും ഇന്നോവ ക്രിസ്റ്റ കാറില്‍ കയറി. ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ ഗ്രേ കളറുള്ള ഇന്നോവ കാറില്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
രാഹുല്‍ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനത്തിലാണ് ഫെനി സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവ ദിവസം താന്‍ ഹോട്ടലില്‍ വന്നിരുന്നതായും അവലോകന യോഗത്തിന് ശേഷം താന്‍ കോഴിക്കോട്ടേക്ക് പോയി എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ പ്രതികരിച്ചിരുന്നു.