വർഗീയ ധ്രൂവീകരണം സൃഷ്ടിച്ച് വോട്ടുനേടാനുള്ള സിപിഎം ശ്രമങ്ങൾ അതീവ അപകടകരമെന്ന് രമേശ് ചെന്നിത്തല
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രൂവീകരണം സൃഷ്ടിച്ച് വോട്ടുനേടാനുള്ള സിപിഎം ശ്രമങ്ങൾ അതീവ അപകടകരമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശങ്ങൾ ഗുരുതരവും ജനങ്ങളെ വിഭജിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനകൾക്ക് പിന്നാലെയാണ് സജി ചെറിയാൻ കാസർഗോഡ്, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികളുടെ കണക്ക് ചൂണ്ടിക്കാട്ടി വർഗീയ പരാമർശം നടത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു.
ഇത് സിപിഎമ്മിന്റെ ബോധപൂർവമായ അജണ്ടയുടെ ഭാഗമാണെന്നും, തിരുത്തി പറയാൻ ശ്രമിച്ചപ്പോഴും പഴയ വാദങ്ങൾ തന്നെ മന്ത്രി ആവർത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വർഗ രാഷ്ട്രീയമെന്ന ആശയം ഉപേക്ഷിച്ച് വർഗീയ രാഷ്ട്രീയത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സിപിഎം സ്വീകരിച്ചിരിക്കുകയാണെന്നും, പ്രത്യയശാസ്ത്രങ്ങൾ കാറ്റിൽ പറത്തി സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കാനാണ് അവരുടെ ശ്രമമെന്നും ചെന്നിത്തല വിമർശിച്ചു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തര വകുപ്പ് ജമാഅത്ത് ഇസ്‌ലാമി ഭരിക്കും എന്ന എ.കെ. ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പിന്തുണച്ചതും ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ഇത്തരം വർഗീയ നീക്കങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവന കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക നയമാണെന്നും, വർഗീയതയെ എതിർക്കുക എന്നതിൽ ഒരു വിട്ടുവീഴ്ചയും പാർട്ടിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സമീപനമാണ് കോൺഗ്രസ് എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടിയും താനും നേതൃത്വം നൽകിയ കാലങ്ങളിൽ സാമുദായിക സംഘടനകളിൽ നിന്ന് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, അവയെ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നതാണ് കോൺഗ്രസ് രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.എസ്.എസ്, എസ്.എൻ.ഡി.പി തുടങ്ങിയ സാമുദായിക സംഘടനകൾ യോജിച്ച് പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്നും, അവ കേരളത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രസ്ഥാനങ്ങളാണെന്നും ചെന്നിത്തല പറഞ്ഞു.
വാക്കുതർക്കങ്ങൾ ഒഴിവാക്കി യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും, കഴിഞ്ഞ പത്ത് വർഷമായി കേരളം അനുഭവിക്കുന്ന ദുരിതങ്ങളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ വർഗീയ അജണ്ട ജനങ്ങൾ തിരിച്ചറിയുമെന്നും ചെന്നിത്തല വ്യക്തമാക്കി.
English Summary
Senior Congress leader Ramesh Chennithala has accused the CPM of attempting to create communal polarization to gain votes in the upcoming Kerala Assembly elections. He termed Minister Saji Cherian’s recent remarks as dangerous and divisive, alleging they are part of the CPM’s deliberate communal agenda under the Chief Minister’s leadership. Chennithala reiterated that opposing communalism is a core Congress policy and stressed the party’s inclusive approach, while urging voters to recognize and reject CPM’s communal politics.
cpim-communal-polarisation-kerala-assembly-election-chennithala-criticism
CPM, Congress, Ramesh Chennithala, Saji Cherian, VD Satheesan, Kerala politics, communal polarization, assembly election, UDF, political controversy









