കോവിഡ് വാക്‌സിനേഷന്‍ എടുത്തു എന്നത് യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനം. രണ്ടു ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചവര്‍ക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. രാജ്യത്തെ 47 ആശുപത്രികള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. 729 കേസുകള്‍ സംഘം പഠനത്തിനു വിധേയമാക്കി. വാക്‌സിനേഷനെ തുടര്‍ന്ന് പെട്ടെന്നു മരണമുണ്ടായ ഘട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇവ അമിതമായ മദ്യപാനവും തീവ്രമായ മറ്റ് അസ്വസ്ഥ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പഠനം പറയുന്നു.
ഇന്ത്യയിലെ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഗവേഷകരെ പഠനത്തിലേക്ക് നയിച്ചത്. കോവിഡ് മരണങ്ങള്‍ അല്ലെങ്കില്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട ആശങ്കകളും പഠനത്തിന് കാരണമായി. ഇന്ത്യയിലെ ആരോഗ്യമുള്ള യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള വിശദീകരിക്കാനാകാത്ത മരണങ്ങള്‍ക്ക് കാരണമായ ഘടകങ്ങള്‍ അന്വേഷിക്കുന്നതിനാണ് പഠനം നടത്തിയത്. 2021 ഒക്ടോബര്‍ 1 നും 2023 മാര്‍ച്ച് 31 നും ഇടയില്‍ പ്രത്യേകിച്ച് കാരണങ്ങളില്ലാതെ മരിച്ച 18-45 വയസ് പ്രായമുള്ളവരിലാണ് പഠനം നടത്തിയത്.
നേരത്തെ കോവിഡ് ബാധിച്ചവര്‍ ഹൃദയാഘാതവും ഹൃദയസംബന്ധമായ രോഗങ്ങളും ഒഴിവാക്കാന്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്ക് അമിതമായി കായികാധ്വാനം ചെയ്യരുതെന്ന് ഐസിഎംആര്‍ പഠനത്തെ ഉദ്ധരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഞായറാഴ്ച ഗുജറാത്തിലെ ഭാവ്നഗറില്‍ പറഞ്ഞിരുന്നു.
Also read: ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിന് ദുർഗന്ധം ഉണ്ടാക്കും എന്നറിയാമോ?