തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.
തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷന്‍മാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിൽ കഴിഞ്ഞവരാണ് മരിച്ചത്.
70 വയസ് കഴിഞ്ഞവരാണ് ഇരുവരും. മരിക്കുമ്പോള്‍ ഇരുവരുടേയും കോവിഡ് പരിശോധനാ ഫലം പോസിറ്റീവായിരുന്നു.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 76 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം മാത്രം സംസ്ഥാനത്ത് 182 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു.
കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തിയിട്ടുണ്ട്.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു.