ദില്ലി : കേരളത്തിൽ 24 മണിക്കൂറിനിടെ 265 പേരിൽ കോവിഡ് പടർന്നു. ആകെ രോഗികളുടെ എണ്ണം 2606 ആയി വർദ്ധിച്ചു. ഒരാൾ കൂടി കേരളത്തിൽ മരിച്ചു. തിരുവനന്തപുരം ജില്ലയിലുള്ള 65 വയസുകാരനാണ് മരിച്ചതെന്ന് സൂചന. സംസ്ഥാന ആരോഗ്യവകുപ്പ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇതോടെ കേരളത്തിൽ രോഗം മൂലം മരിച്ചവരുടെ എണ്ണം മൂന്നായി. കേരളത്തിന് പുറമെ കർണാടകയിൽ രണ്ട് പേരും പഞ്ചാബിൽ ഒരാളും മരിച്ചു. രാജ്യത്ത് രോഗം മൂലം ഒരു മാസത്തിനിടെ മരിച്ചവർ ആറായി. കർണാടകയിൽ 105 പേരിലും തമിഴ്നാട്ടിൽ 104 പേരിലും രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് കേരളത്തിന് പുറത്ത് രോഗികളുടെ എണ്ണം 100 കടക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ രോഗികൾ 2997 ആയി മാറി. 24 മണിക്കൂറിനിടെ രാജ്യത്ത് വർദ്ധിച്ചത് 594 രോഗികൾ. പുതുച്ചേരി , തെലങ്കാന ,മഹാരാഷ്ട്ര, ഗുജറാത്ത് , ഗോവ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വർദ്ധിക്കുന്നു.
കോവിഡ് കേന്ദ്രമായി സിംഗപ്പൂർ
ലോകത്ത് കോവിഡ് രോഗികളുടെ കേന്ദ്രമായി സിംഗപ്പൂർ. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഒരാഴ്ച്ച കൊണ്ട് കോവിഡ് രോഗികളുടെ എണ്ണം 56,043 ആയി. മുൻ ആഴ്ച്ചയെ അപേക്ഷിച്ച് 75 ശതമാനം വർദ്ധനവ്. ചൈനയിൽ നിന്നും രോഗവ്യാപന റിപ്പോർട്ട് ഒന്നും പുറത്ത് വന്നിട്ടില്ല.