ദില്ലി : കോവിഡ് കേസുകൾ കേരളത്തിൽ അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചു. പനി, ചുമ തുടങ്ങി എല്ലാ ശ്വാസകോശരോഗികളേയും കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കണം. സാമ്പിളുകൾ കോവിഡ് ടെസ്റ്റിനായി ലാമ്പുകളിലേയ്ക്ക് അയക്കണമെന്നും കത്തിൽ ആവിശ്യപ്പെടുന്നു. 70 പേരിൽ കോവിഡ് സ്ഥിരീകരിച്ച കർണാടകയിൽ മാസ്ക്ക് നിർബന്ധമാക്കി തുടങ്ങി. മുതിർന്ന പൗരൻമാർ മാസ്ക്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു ആവിശ്യപ്പെട്ടു. സർക്കാർ ഉത്തരവും പുറത്തിറങ്ങി. കോവിഡ‍് വകഭേദമായ ജെ.എൻ 1 കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും ഗോവയിലും കണ്ടെത്തി. സിംഗപ്പൂരിൽ നിന്നും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ എത്തിയ ഒരാളിലാണ് കോവിഡ് വകഭേദം കണ്ടെത്തിയതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. മറ്റൊരു ജെഎൻ 1 കണ്ടെത്തിയിരിക്കുന്നത് ഗോവയിൽ നിന്നാണ്. രോഗിയുടെ മറ്റ് വിവരങ്ങൾ സംസ്ഥാന സർക്കാർ പുറത്ത് വിട്ടില്ല.
രോഗികളുടെ എണ്ണം വർദ്ധിക്കുന്നു.
ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം കോവിഡ് രോഗികളുടെ എണ്ണം 1970 ആയി കൂടിയിട്ടുണ്ട്. 142 പേരിൽ തിങ്കളാഴ്ച്ച പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 115 പേർ കേരളത്തിൽ നിന്നാണ്. ഇതോടെ കേരളത്തിലെ രോഗികളുടെ എണ്ണം 1749 ആയി. അയൽ സംസ്ഥാനമായ കർണാടകയിൽ പുതിയതായി 10 പേരിൽ കൂടി രോഗം പടർന്നതോടെ ആകെ രോഗികൾ 70 ലെത്തി.തമിഴ്നാട്ടിൽ 64, പുതുച്ചേരിയിൽ 16 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് രോഗം പടരുന്നത്. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരൊറ്റ രോഗി പോലും ഇല്ലാത്ത സംസ്ഥാനങ്ങളാണ് അധികവും.
ഭയപ്പെടേണ്ട സാഹചര്യം ഉണ്ടോ ?
അഞ്ഞൂറ് രോഗികൾ ഉള്ളപ്പോഴാണ് രാജ്യത്ത് ആദ്യമായി ലോക്ഡൗൺ ഏർപ്പെടുത്തിയത്. പക്ഷെ അന്ന് വാക്സിനേഷൻ നിലവിൽ ഉണ്ടായിരുന്നില്ല. കോവിഡ് മരണനിരക്കും ഉയർന്ന നിലയിൽ ആയിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെ അല്ല. മരണനിരക്ക് കുറഞ്ഞു. ഫലപ്രദമായ വാക്സിനേഷനുകൾ നിലവിൽ ഉണ്ട്. കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ 1 ആണ് പടരുന്നത്. പുതിയ ലക്ഷണങ്ങൾ കാര്യമായി പ്രകടിപ്പിക്കുന്നില്ല എന്നതാണ് ജെഎൻ1ന്റെ പ്രത്യേകത. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം നിലവിലുള്ള വാക്സിനുകൾ പുതിയ വകഭേദത്തേയും തടഞ്ഞ് നിറുത്തും. മാസ്ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും രോഗം പടരുന്നത് പ്രതിരോധിക്കുക എന്നതാണ് പ്രധാനം. കഴിഞ്ഞ രണ്ട് വർഷത്തെ രോഗവ്യാപനത്തെ വിശകലനം ചെയ്ത് റിപ്പോർട്ടുകൾ പ്രകാരം മഞ്ഞ് കാലം ആരംഭിക്കുന്ന ഡിസംബർ മാസത്തിലാണ് കോവിഡ് വൈറസ് പടരുന്നത്.
ചൈനയിൽ നിന്നും മാറി സിംഗപ്പൂരിലെത്തി.
ഡിസംബർ നാല് മുതൽ 10 വരെയുള്ള കണക്ക് പ്രകാരം സിംഗപ്പൂരിൽ 56,043 പേരിൽ കോവിഡ് കണ്ടെത്തി. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് സിംഗപ്പൂരിലാണ്. അതേ സമയം കോവിഡ് ആദ്യം കണ്ടെത്തിയ ചൈനയിൽ നിന്ന് ഇത്തവണ രോഗ്യം റിപ്പോർട്ട് ചെയ്തിട്ടില്ല. 60 വയസിന് മുകളിൽ ഉള്ളവരിലാണ് സിംഗപ്പൂരിൽ രോഗം ഏറെയുള്ളത്. വിഷയം സസൂഷ്മം നിരീക്ഷിക്കുകയാണ് എന്ന് സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
സിംഗപ്പൂരിൽ നിന്നുള്ള ഡാറ്റ പ്രകാരം ഒരു വർഷം മുമ്പ് കോവിഡ് -19 വാക്സിൻ സ്വീകരിച്ചവരിൽ വീണ്ടും വൈറസ് വരാനുള്ള സാധ്യത 1.6 മടങ്ങ് കൂടുതലാണ്. അതേ സമയം ഇന്ത്യക്കാർ കുറഞ്ഞത് രണ്ട്, മൂന്ന് തവണയെങ്കിലും കോവിഡ് -19 വാക്സിൽ സ്വീകരിച്ചിട്ടുണ്ട്.അതിനാൽ രോഗം വ്യാപകമായി പടരാനുള്ള സാധ്യത കുറവാണെന്ന് അശോക യൂണിവേഴ്സിറ്റിയിലെ ത്രിവേദി സ്കൂൾ ഓഫ് ബയോസയൻസസിലെ ബയോസയൻസസ് ആൻഡ് ഹെൽത്ത് റിസർച്ച് ഡീൻ ഡോക്ടർ അനുരാഗ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വൈറസ് പരിണാമത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച സാങ്കേതിക ഉപദേശക സംഘത്തിലെ അംഗമാണ് ഡോക്ടർ അനുരാഗ്.