കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. ബോണ്ടുകളിറക്കിയതില്‍ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തില്‍ ഇഡി അയച്ച സമന്‍സുകള്‍ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഇഡി സമന്‍സ് ചോദ്യം ചെയ്ത് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിരീക്ഷണം. മസാലബോണ്ട് സംബന്ധിച്ച് റോവിങ് എൻക്വയറി നടത്താനാകില്ലെന്ന് കോടതി വ്യക്താക്കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി അയച്ച സമന്‍സുകള്‍ എല്ലാം പിൻവലിക്കുന്നുവെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ അന്വേഷണം പൂര്‍ണമായും നിര്‍ത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി നിരസിച്ചു. കേസുമായി ബന്ധപ്പെട്ട് തെളിവുകളില്ലെന്നും തെളിവുകളുണ്ടോയെന്ന് അന്വേഷണം നടത്താനാവില്ലെന്നും നിരീക്ഷിച്ച കോടതി തെളിവുകളുണ്ടെങ്കിൽ അന്വേഷണം ആകാമെന്നും വ്യക്തമാക്കി.
കിഫ്ബിയുമായി ഒരു ബന്ധവുമില്ലാത്ത നാട്ടിലും വിദേശത്തുമുള്ള തന്‍റെ ബന്ധുക്കളുടെ വിവരങ്ങളാണ് ഇ.ഡി ആവശ്യപ്പെടുന്നതെന്നാണ് തോമസ് ഐസകിന്‍റെ ആരോപണം. എന്നാൽ, പ്രഥമദൃഷ്‌ട്യാ വിദേശ നാണ്യവിനിമയച്ചട്ടത്തിന്റെ ലംഘനമുണ്ടെന്നും മസാലബോണ്ടു വഴി സമാഹരിച്ച പണം റിയൽ എസ്റ്റേറ്റ് മേഖലയിലുൾപ്പെടെ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നുമായിരുന്നു ഇ.ഡിയുടെ വാദം.
നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ വിദേശത്ത് ഇറക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്. ലോകബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനാണ് (ഐ.എഫ്.സി.) ഇന്ത്യന്‍ രൂപയിലുള്ള ബോണ്ടുകള്‍ക്ക് ഈ പേര് നല്‍കിയത്. ആദ്യമായി മസാല ബോണ്ടുകള്‍ ഇറക്കിയതും ഐ.എഫ്.സിയാണ്.
ഇന്ത്യന്‍ രൂപയുടെ മൂല്യത്തിനനുസരിച്ചുള്ള വിനിമയമാണ് മസാല ബോണ്ടില്‍ നടക്കുന്നത്. അതായയത് രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ചാണ് വിനിമയം നടക്കുന്നതെന്ന് ചുരുക്കം. അന്താരാഷ്ട്ര വിപണിയിൽ ഡോളറുമായുള്ള ഏറ്റക്കുറച്ചിലുകള്‍ ഈ ബോണ്ടുകളെ ബാധിക്കില്ല. അതേസയം നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടായേക്കാം. എന്നാല്‍ മികച്ച റേറ്റിങ്ങുള്ള ഏജന്‍സികളാണ് ബോണ്ട് പുറത്തിറക്കുന്നതെങ്കില്‍ ലാഭസാധ്യത മുന്നില്‍ക്കണ്ട് കമ്പനികള്‍ ഇവയില്‍ നിക്ഷേപം നടത്താറുണ്ട്. കിഫ്ബി മസാല ബോണ്ടുകള്‍ ലണ്ടന്‍, സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.