കൊച്ചി: യുവ നടിയെ ആക്രമിച്ച കേസില്‍ മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജി. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയായ നടിയുടെ ഹർജി നൽകിയത്.
വിചാരണ കോടതിയിലാണ് നടി ഹർജി നൽകിയിരിക്കുന്നത്. നിരവധി തെളിവുകള്‍ ഉള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് അതിജീവിത നൽകിയ ഹര്‍ജിയിലെ വാദം. ഹർജി ഇന്ന് കോടതി പരിഗണിച്ചേക്കും.
നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമവാദം ഇന്ന് തുടങ്ങാനിരിക്കെയാണ് പുതിയ ഹരജി. അന്തിമവാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്‍റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമണ് ആദ്യം നടക്കുക. തുടർന്ന് പ്രതിഭാഗം അതിന് മറുപടി നൽകും. അടുത്ത മാസം കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.