വന്ദേ ഭാരത് ട്രെയിനിൽ ലഭിച്ച ഭക്ഷണത്തിലെ തൈരിൽ പൂപ്പൽ കണ്ടെത്തിയെന്ന് യുവാവിന്റെ പരാതി. ചിത്രം അടക്കം യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വൻ വിമർശനമാണ് റെയിൽവേ നേരിടുന്നത്. ഡെറാഡ്യൂണിൽ നിന്ന് ഡൽഹിയിലെ അനന്ത ബിഹാറിലേക്ക് വന്ദേഭാരത്തിൽ യാത്ര ചെയ്ത ഹർഷദ് എന്ന യാത്രക്കാരനാണ് പരാതിക്കാരൻ. താൻ വന്ദേ ഭാരത് എക്സിക്യൂട്ടീവ് ക്ലാസിൽ യാത്ര ചെയ്യുകയാണെന്നും തനിക്ക് ലഭിച്ച ഭക്ഷണത്തിലെ തൈരിൽ പൂപ്പൽ പിടിച്ചിരിക്കുന്നതും വ്യക്തമാക്കി ഇയാൾ ഫോട്ടോ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു വന്ദേ ഭാരതിൽ നിന്ന് ഇത്തരം ഒരു സർവീസ് അല്ല താൻ പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറയുന്നു. സോഷ്യൽ മീഡിയയിൽ ഇത് ചർച്ചയായതിനെ തുടർന്ന് റെയിൽവേ തന്നെ രംഗത്തെത്തി. യാത്രക്കാരനോട് പിഎൻആർ നമ്പർ അടക്കം മെസ്സേജ് അയക്കാൻ റയിൽവേ ആവശ്യപ്പെട്ടിരിക്കുകയാണ്. നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.