തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിൽ അഴിമതി ആരോപണവുമായി കോൺഗ്രസ്.
കോഴിക്കോട് ജില്ലയിലെ അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ഭാഗത്ത് റോഡ് നിർമ്മിക്കാനുള്ള കരാർ 1838.1 കോടി രൂപയ്ക്ക് അദാനി എന്റർപ്രൈസസിന് ലഭിച്ചെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ അദാനി കമ്പനി റോഡ് നിർമ്മിക്കാതെ, 971 കോടി രൂപയ്ക്ക് ഈ കരാർ അഹമ്മദാബാദിലെ വാഗഡ് ഇൻഫ്രാപ്രോജക്റ്റ്സിന് മറിച്ചുനൽകിയെന്നാണ് ആരോപണം.
ഒരു കിലോമീറ്ററിന് 45 കോടി രൂപയാണ് അദാനി കമ്പനിക്ക് ലഭിച്ച കരാർ പ്രകാരം നിർമ്മാണ ചെലവ്.
എന്നാൽ വാഗഡ് ഇൻഫ്രാപ്രോജക്റ്റ് ഒരു കിലോമീറ്റർ റോഡ് നിർമ്മിക്കുന്നത് 23.7 കോടി രൂപയ്ക്കാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.
മോദിയും ഗഡ്കരിയും ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഹൈവേ നിർമ്മിക്കുന്നതിലെ അഴിമതിയുടെ വ്യാപ്തി നിങ്ങൾക്ക് ഊഹിക്കാമോയെന്ന ചോദ്യവും സമൂഹ മാധ്യമമായ എക്സിലെ കുറിപ്പിൽ കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.