തിരുവനന്തപുരം: റോഡ് നിർമാണത്തിനായി സ്ഥലം വിട്ടുകൊടുത്തെങ്കിലും നഷ്ടപരിഹാരം ലഭിക്കാത്തതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൃതദേഹവുമായി പ്രതിഷേധം നടത്തി.സമരസമിതി കിളിമാനൂര്‍ സ്‌പെഷല്‍ തഹല്‍സില്‍ദാര്‍ ഓഫിസിന് മുന്നിലാണ് പ്രതിഷേധം നടത്തിയത്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി കെ.വി.ഗിരിയാണ് തൂങ്ങി മരിച്ചത്. (Compensation delayed for land acquired for the Road; man committed suicide)
വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡിന് ആണ് ഗിരി ഭൂമി നൽകിയിരുന്നത്. 2023 ലാണ് സ്ഥലം വിട്ടുനൽകിയത്. എന്നാൽ നഷ്ടപരിഹാരത്തുക ഇതുവരെ ലഭിച്ചിരുന്നില്ല. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സാമ്പത്തിക ബാധ്യതകള്‍ മറികടക്കാന്‍ നഷ്ടപരിഹാര തുക ഉപയോഗിക്കാം എന്നായിരുന്നു ഗിരിയുടെ കണക്കുകൂട്ടൽ. എന്നാൽ ഇത് നടക്കാത്തതിനാലാണ് ഗിരി ജീവനൊടുക്കിയതെന്നു പ്രദേശവാസികള്‍ ആരോപിച്ചു.
നഷ്ടപരിഹാരത്തുക സംബന്ധിച്ച് അധികൃതര്‍ നല്‍കിയ ഉറപ്പു ലംഘിച്ചതാണ് ഗിരിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നും പ്രദേശവാസികൾ പറഞ്ഞു.