തിരുവനന്തപുരം : കോളേജ് അധ്യാപകർ ലേഖനമോ നിരൂപണമോ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച സർക്കുലറിലാണ് രാഷ്ട്രിയം വിഷമായിരിക്കുന്നത്. സർക്കാരിനെതിരെയോ സർക്കാർ നയങ്ങൾക്കെതിരെയോ ഉള്ള പരാമർശങ്ങൾ ലേഖനങ്ങളിലും ഗ്രന്ഥങ്ങളിലും പാടില്ല. പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ ഒരിക്കലും ആരെയും നിന്ദിക്കുന്നതാവരുതെന്നും സർക്കുലർ നിർദേശിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സുധീർ കെ ആണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് വേണ്ടി സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. സിപിഐ എംന്റെ ഇടക്കാല സെക്രട്ടറിയായിരുന്നു വിജയരാഘവന്റെ ഭാര്യയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ബിന്ദു. ഒക്ടോബർ 12ന് പുറത്തിറക്കിയ സർക്കുലർ എല്ലാ കോളജ് പ്രിൻസിപ്പൽമാർക്കും ലഭ്യമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ കോളേജ് അധ്യാപകരെ പരിഹസിക്കുന്ന ചില പരാമർശങ്ങൾ വന്നതോടെയാണ് സർക്കുലർ പുറം ലോകത്ത് എത്തിയത്. മൗലിക രചനകൾ എന്ന പേരിൽ അധ്യാപകർ എഴുതുന്നതൊന്നും സ്വന്തം രചനകളല്ല. മറ്റൊരാൾ എഴുതിയ ലേഖനമോ നിരൂപണമോ തലക്കെട്ട് മാറ്റി ഉള്ളടക്കത്തിൽ നേരിയ വ്യത്യാസം വരുത്തി പ്രസിദ്ധീകരണ അനുമതി തേടുന്ന പ്രവണത വ്യാപകമാണെന്നും കോളജ് വിദ്യാഭ്യാസ ഡയറക്ടർ സുധീർ കെ. സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. ചിലർ ഉള്ളടക്കത്തിൽ ഒരു വ്യത്യാസവും വരുത്താതെ മറ്റൊരാളുടെ രചന പ്രസിദ്ധീകരണ അനുമതിക്കായി സമർപ്പിക്കാറുണ്ടെന്നും പരിഹസിക്കുന്നു. അധ്യാപകരുടെ ഗവേഷണ പ്രബന്ധങ്ങളിൽ കോപ്പിയടി വ്യാപകമാണെന്ന വിമർശനം നേരത്തെയുണ്ട്.
എഴുതാൻ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ അതെ പേരിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്നെങ്കിലും ഉറപ്പാക്കണം.കോപ്പിയടി, പകർപ്പവകാശ ലംഘനം തുടങ്ങിയ പരാതികൾ പിന്നീട് ഉയരുന്നത് തടയാനായി കോളേജുകളും ശ്രദ്ധിക്കണം. ഉള്ളടക്കത്തെ പറ്റിയുള്ള പൊതുവിവരംഎല്ലാ കോളജുകളിലും പ്രസിദ്ധീകരിക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു.