കാപ്പിക്കുരുവിനും പരിപ്പിനും ക്ഷാമം നേരിട്ടതോടെ കാപ്പിപ്പൊടി വിലയും കഴിഞ്ഞ ഏതാനും നാളുകളായി കുത്തനെ ഉയരുകയാണ്. ഒരു വർഷം മുൻപ് വരെ 450 രൂപയായിരുന്നു കാപ്പിപ്പൊടി കിലോയ്ക്ക് വില. എന്നാൽ കാപ്പിക്കുരുവിന് വില വർധിച്ചതോടെ കുത്തനെ ഉയർന്ന് 600 രൂപയിലെത്തി. Coffee powder prices have been rising sharply in the past few days.
കഴിഞ്ഞ രണ്ടുമാസമായി കാപ്പിക്കുരുവിനും പരിപ്പിനും ക്ഷാമം നേരിട്ടതോടെ കാപ്പിപ്പൊടി വില വീണ്ടും ഉയർന്നു. ഇപ്പോൾ 700 രൂപയാണ് കാപ്പിപ്പൊടിയ്ക്ക് വില. ചിലയിടങ്ങളിൽ 75 രൂപവരെ ചില്ല വിൽപ്പനക്കാർ വിലയീടാക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനവും മുൻപുണ്ടായ വിലയിടിവിനെ തുടർന്ന് കാപ്പിച്ചെടികൾ വ്യാപകമായി വെട്ടി നശിപ്പിക്കപ്പെട്ടതുമാണ് കുത്തനെയുള്ള വിലവർധനവിന് കാരണം. ഇടുക്കിയിലും വയനാടുമാണ് കാപ്പി കൃഷി കൂടുതലായുള്ളത്. ഏലം വില ഇടക്കാലത്ത് ഉയർന്നതോടെ ഇടുക്കിയിൽ കാപ്പിച്ചെടികൾ വ്യാപകമായി പിഴുതുകളഞ്ഞ് കർഷകർ ഏലം വെച്ചിരുന്നു.
ഇതോടെ ഇടുക്കിയിൽ നിന്നും വിപണിയലെത്തുന്ന കാപ്പിക്കുരുവിന്റെ അളവ് കുത്തനെ കുറഞ്ഞു. വിളവെടുപ്പിന് തൊഴിലാളികളെ കിട്ടാത്തതും വിളവെടുപ്പ് കൂലി ഉയർന്നതും കാപ്പി കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കാപ്പിപ്പൊടിവില ഇനിയും ഉയരുമെന്നാണ് വ്യാപരികൾ ഉൾപ്പെടെ നൽകുന്ന സൂചന.