തൃശൂര്‍: മരണവീട്ടിലേക്ക് തെങ്ങ് കടപുഴകി വീണ് അപകടം. മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. തൃശ്ശൂർ അഞ്ഞൂരിലാണ് സംഭവം. തൊഴിയൂര്‍ ചേമ്പത്ത് പറമ്പില്‍ (വല) വീട്ടില്‍ വേലായുധന്റെ മകന്‍ മണികണ്ഠനും കുടുംബവും താമസിക്കുന്ന ഓല മേഞ്ഞ വീടിന് മുകളിലേക്കാണ് തെങ്ങു വീണത്.
ഇന്നലെ വൈകീട്ട് 4.30ഓടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീടിനു മേലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ മണികണ്ഠന്റെ മകള്‍ അനഘ (8), സഹോദരിയുടെ മക്കളായ അമല്‍ (16), വിശ്വന്യ (7) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ കുന്നംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ചയാണ് മണികണ്ഠന്‍ മരണപ്പെട്ടത്. അതുകൊണ്ട് തന്നെ വീട്ടില്‍ മണികണ്ഠന്റെ ഭാര്യ അഞ്ജുവും ബന്ധുക്കളും അടക്കം നിരവധി പേര്‍ ഉണ്ടായിരുന്നുവെങ്കിലും ശബ്ദം കേട്ട് ഇവര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ആണ് ഒഴിവായത്. ഓലയും ടാര്‍പാളിന്‍ ഷീറ്റും മേഞ്ഞ വീട്ടില്‍ സുരക്ഷിതത്വമില്ലാതെയാണ് കുടുംബം കഴിഞ്ഞിരുന്നത്.
അതേസമയം കേരളത്തിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്.
ഇടുക്കി മലങ്കര ഡാമിന്റെ ആറു ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരുകയാണ്. ആറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകാതെയാണ് ഷട്ടറുകൾ തുറന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.
അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.