ഇടുക്കി: ഇടുക്കി അടിമാലിയിൽ രാത്രികാലങ്ങളിൽ മുഖംമൂടി ധരിച്ചെത്തിയ യുവാവിൻ്റെ സാന്നിധ്യം ഭീതി വിതയ്ക്കുന്നുവെന്ന് നാട്ടുകാർ.
പല വീടുകളിലും രാത്രിയിൽ കയറിയിറങ്ങുന്നയാളിന്‍റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അടിമാലി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
മോഷ്ടാവാണെന്നാണ് നാട്ടുകാർ പറയുന്നത്. അടിമാലി ടൗണിലും പരിസരത്തുമാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി മോഷണ ശ്രമങ്ങൾ കൂടുന്നതായി പരാതി ഉയരുന്നത്.
ഇതിനിടെയാണ് രാത്രികാലങ്ങളിൽ മുഖം മറച്ചെത്തിയ യുവാവിൻ്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞത്. കോയിക്കക്കുടി, വിവേകാനന്ദ നഗർ എന്നീ മേഖലകളിൽ നിന്നാണ് മുഖംമറച്ച രീതിയിൽ ഒരാൾ നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്.
കഴിഞ്ഞ ദിവസം വിവേകാനന്ദ നഗറിലെ ഒരു വീട്ടിലെ ക്യാമറിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. ഇവിടെ മോഷണ ശ്രമം നടന്നതായി പൊലീസിന് വിവരം ലഭിച്ചു.
ആഴ്ചകൾക്ക് മുമ്പ് ഈ പ്രദേശത്ത് ഒരു വീട്ടമ്മയുടെ ആഭരണം കവരാൻ ശ്രമം നടന്നിരുന്നു. വീടിന് പുറത്ത് ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങളുൾപ്പെടെ എടുത്ത് മറ്റൊരിടത്ത് കൊണ്ടിടുകയും ചെയ്തു.
ഇതെ തുടർന്നാണ് നാട്ടുകാർ പൊലീസിൽ പരാതി നൽകിയത്. നേരത്തെ, അടിമാലി കാംകോ ജംഗ്ഷൻ പ്രദേശത്ത് സമാനരീതിയിൽ മുഖംമൂടിയ ആളിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നെങ്കിലും മോഷണ ശ്രമങ്ങളൊന്നും അന്ന് റിപ്പോർട്ട് ചെയ്തിരുന്നില്ല.
എന്നാൽ മാനസിക വിഭ്രാന്തിയുളള ആളാണോ രാത്രികാലങ്ങളിൽ ഇത്തരത്തിൽ ഇറങ്ങിനടക്കുന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.