ന്യൂഡൽഹി: സൈബർ തട്ടിപ്പുമായി അടുത്ത ബന്ധമുള്ള 11,000 മൊബൈൽ നമ്പറുകൾക്കെതിരെ നടപടിയെടുക്കാൻ കമ്പനികൾക്കു നിർദേശം നൽകി ടെലികോം വകുപ്പ് . ഈ മൊബൈൽ നമ്പറുകളുടെ കെവൈസി (തിരിച്ചറിയൽ) പരിശോധന വീണ്ടും നടത്താനാണ് നിർദേശം. അതു പറ്റിയില്ലെങ്കിൽ സിം ബ്ലോക്ക് ചെയ്യണം. സിം ബ്ലോക്കായാൽ ഇവ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പറും വിലക്കണം എന്നും നിർദേശത്തിൽ പറയുന്നു. ചുരുക്കത്തിൽ സിം ഉണ്ടായിരുന്ന ഫോണുകളും ഉപയോഗിക്കാൻ കഴിയാതെ വരും. സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്കായി മാർച്ചിൽ ‘ചക്ഷു’ പോർട്ടൽ ആരംഭിച്ചിരുന്നു. ഇതിൽ ഇരുപതിനായിരത്തിലേറെ റിപ്പോർട്ടുകളാണ് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 11,000 നമ്പറുകൾക്കെതിരെ നടപടിയെടുക്കുന്നത്. യഥാർഥ കമ്പനികളുടെ എസ്എംഎസ് ഹെഡർ ഉപയോഗിച്ചു തട്ടിപ്പു നടത്തിയതിന് നാൽപതോളം ബൾക്ക് എസ്എംഎസ് സേവനകമ്പനികളെ വിലക്കാനും നിർദേശിച്ചിട്ടുണ്ട്.
