ഇന്ത്യൻ വിപണി എസ്‌യുവികളുടെ പുത്തൻ ട്രെൻഡിനാന്ന് സാക്ഷ്യം വഹിക്കുന്നത് . ലുക്കിലും പെർഫാമൻസിലും മൈലേജിലുമെല്ലാം മികച്ച നിൽക്കുന്ന എസ്‌യുവികളാണ് ഇന്ന് കാർ വിപണിയുടെ മുഖം തന്നെ. മത്സരം കടുത്തതോടെ വിലയുടെ കാര്യത്തിലും ഇപ്പോൾ യുദ്ധം തന്നെ അരങ്ങേറുന്ന കാഴ്ചയാണ്. രാജ്യത്ത് ഏറ്റവും കടുത്ത മത്സരം അരങ്ങേറുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ അംഗസംഖ്യ ഓരോ ദിവസവും കൂടുകയാണ്. ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ C3 എയർക്രോസാണ് പടക്കളത്തിലെ പുത്തൻ പോരാളി
കഴിഞ്ഞ ദിവസം C3 ഹാച്ചിൽ ഗംഭീര ഉത്സവ സീസൺ ഓഫർ പ്രഖ്യാപിച്ച ഫ്രഞ്ച് കമ്പനി ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ C3 എയർക്രോസിനും കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ ഹോട്ട് സെല്ലിംഗ് സെഗ്മെന്റായ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് പോലുള്ള വമ്പൻമാരുമായി മത്സരിക്കാൻ എത്തിയ മോഡലിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള കമ്പനിയുടെ ശ്രമമാണ് ഈ നീക്കം.
ഈ മാസം ആദ്യം പുറത്തിറക്കിയ സിട്രണിന്റെ ഏറ്റവും പുതിയ എസ്‌യുവിയായ C3 എയർക്രോസ് ഇപ്പോൾ വാങ്ങിയാൽ 55,000 രൂപ വരെ കിഴിവ് ഉപഭോക്താക്കൾക്ക് ലാഭിക്കാം. സെഗ്മെന്റിൽ 5,7 സീറ്റർ ഓപ്ഷനിൽ എത്തുന്ന ഒരേയൊരു മോഡലാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഏറ്റവും പുതിയ ഓഫറുകളിൽ ഫെസ്റ്റിവൽ ഡീലുകൾ, കോർപ്പറേറ്റ് ബോണസ്, ക്യാഷ് ഡീലുകൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയാണ് ഉൾപ്പെടുന്നത്.
കൂടാതെ കെയർ ഫെസ്റ്റിവൽ ഓഫറിന്റെ കീഴിൽ ഉപഭോക്താക്കൾക്ക് കോംപ്ലിമെന്ററി 40-പോയിന്റ് വെഹിക്കിൾ ഹെൽത്ത് പാക്കേജ്, ഓൺലൈൻ അപ്പോയ്മെന്റുകൾക്ക് ഉറപ്പായ സമ്മാനങ്ങൾ, കാർ കെയർ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം കിഴിവ്, തിരഞ്ഞെടുത്ത ആക്‌സസറികൾക്ക് 10 ശതമാനം കിഴിവ്, 10 ശതമാനം ലേബർ ചാർജ് ഡിസ്‌കൗണ്ട് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ഫ്രഞ്ച് വാഹന നിർമാതാക്കൾ ഒക്‌ടോബർ മാസം മുതൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
9.99 ലക്ഷം മുതൽ 12.76 ലക്ഷം രൂപ വരെയാണ് നിലവിൽ പുതിയ C3 എയർക്രോസിന്റെ എക്‌സ്ഷോറൂം വില വരുന്നത്. സിട്രൺ മിഡ്-സൈസ് എസ്‌യുവിയുടെ 5 സീറ്റർ മോഡലുകൾക്ക് 9.99 ലക്ഷം രൂപ മുതൽ 12.41 ലക്ഷം രൂപ വരെയാണ് വില വരുന്നത്. അതേസമയം ഏഴ് സീറ്റർ വേരിയന്റുകൾക്ക് 11.69 ലക്ഷം മുതൽ 12.76 ലക്ഷം രൂപ വരെയും ചെലവഴിക്കേണ്ടി വരും. ഇതിൽ നിന്നാണ് 55,000 രൂപയോളം ഓഫറും ബ്രാൻഡ് നൽകുന്നത്.
സിംഗിൾ പെട്രോൾ എഞ്ചിനിലാണ് സിട്രൺ C3 എയർക്രോസ് വിപണിയിലേക്ക് എത്തുന്നത്. ഡീസൽ എഞ്ചിൻ ഓപ്ഷനില്ലെങ്കിലും തരക്കേടില്ലാത്ത ഈ യൂണിറ്റിന് ഭേദപ്പെട്ട പർവ കണക്കുകളുമുണ്ട്. 109 bhp കരുത്തിൽ പരമാവധി 190 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ യൂണിറ്റാണ് വാഹനത്തിന് തുടിപ്പേകുന്നത്. ഇത് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ഓട്ടോമാറ്റിക് ട്രാൻസ്മിഷനും മോഡലിനില്ല.
Read Also :ഇ വി ആരാധകർക്ക് ആഹ്ലാദ വാർത്തയുമായി ടാറ്റ മോട്ടോർസ്