ഇഷ്ടപ്പെട്ട സാധനങ്ങൾ അല്ലെങ്കിൽ വാങ്ങാൻ ആഗ്രഹിക്കുന്ന സാധനങ്ങൾ ഗൂഗിളിൽ തിരയുന്നത് പതിവാണ്. ഒരു വീഡിയോ കാണുന്നതിന്റെ ഇടയിൽ കാണുന്ന സാധനങ്ങളെ പറ്റി കൂടുതലറിയാൻ നമ്മൾ അതിന്റെ സ്ക്രീൻഷോട്ട് എടുക്കുകയോ വിഡിയോ പോസ് ചെയ്ത് നാം ശ്രദ്ധിച്ച ഭാഗം സൂം ചെയ്ത് അത് ഏത് കമ്പനിയുടേതാണെന്ന് മനസിലാക്കി പിന്നീട് മറ്റൊരു വിൻഡോ വഴി തിരയുകയും ഒക്കെയാണ് പതിവ്. എന്നാൽ ഇനിമുതൽ ഈ പണി എളുപ്പമാക്കാനുള്ള സംവിധാനം ഒരുക്കുകയാണ് ഗൂഗിൾ.
‘സർക്കിൾ ടു സേർച്ച്’ എന്ന് വിളിക്കുന്ന പുതിയ സംവിധാനമാണ് മൊബൈൽ സെർച്ചിൽ ഗൂഗിൾ ഉൾപ്പെടുത്തുന്നത്. നേരത്തെ സൂചിപ്പിച്ച വിഡിയോയിൽ നിങ്ങൾ ശ്രദ്ധിച്ച ഭാഗത്ത് ഒരു വട്ടം വരക്കുക, അല്ലെങ്കിൽ അവിടെയൊന്ന് കുത്തിവരയുക. അപ്പോൾ അതൊരു ‘സേർച്ച്’ ആയി ഗൂഗിൾ പരിഗണിക്കും. അതോടെ, ആ ഉൽപന്നത്തിന്റെ വിവിധ തരങ്ങളും സമാനമായ മറ്റു ഉൽപന്നങ്ങളുമെല്ലാം മൊബൈലിൽ ലഭ്യമാകും. നിലവില്‍ പിക്‌സല്‍ 8 സീരിസിലും, സാംസങ് ഗ്യാലക്‌സി എസ്24 സീരിസിലും മാത്രമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ, അധികം താമസിയാതെ മറ്റു പ്രീമിയം ഫോണുകളിലും ഈ ഫീച്ചര്‍ ലഭ്യമാക്കും എന്നാണ് ഗൂഗിൾ നൽകുന്ന വിവരം.
വിഡിയോകളിൽ മാത്രമല്ല, സമൂഹ മാധ്യമങ്ങളിൽ വരുന്ന ചിത്രങ്ങളിലും മറ്റുമെല്ലാം സർക്കിൾ ടു സേർച്ച് പ്രയോഗിക്കാം. ഉപയോക്താവിന് ഒരു വിഷയത്തിൽ സേർച്ച് ചെയ്യുന്നതിനുള്ള സമയവും നടപടിക്രമങ്ങളും കുറയ്ക്കുക എന്നതാണ് ഗൂഗിളിന്റെ പ്രധാന ലക്ഷ്യം. പലപ്പോഴും, ഒരു ആപ്പിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ ഒരു വിവരം ലഭ്യമാകണമെങ്കിൽ പ്രസ്തുത ആപ്പിന് പുറത്തെത്തി മറ്റൊരു ആപ്പിനെ ആശ്രയിക്കേണ്ടിവരും. അതല്ലെങ്കിൽ, സ്ക്രീൻ ഷോട്ട് എടുക്കേണ്ടിവരും. എന്നാൽ ഇനി സർക്കിൾ ടു സേർച്ചിലൂടെ ഈ ബുദ്ധിമുട്ടുകൾ ഇല്ലാതെയാക്കാം.
Read Also: ഒടുവിൽ നിയമത്തിനു വഴങ്ങി ആപ്പിൾ; ഇനി ആപ്പുകൾ സൈഡ് ലോഡ് ചെയ്യാം