മേപ്പാടി: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബത്തെ മുഴുവൻ നഷ്ടമായി, പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരനും. ഉറ്റവരേയും ഉടയവരേയും തട്ടിയെടുത്ത വിധിയോട് പൊരുതാൻ ശ്രുതിക്ക് സർക്കാർ സർവ്വീസിൽ നിയമനം. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിലാണ് ശ്രുതി ജോലിയിൽ പ്രവേശിയ്ക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി.
വയനാട് ജില്ലയിൽ തന്നെയാണ് ശ്രുതിക്ക് നിയമനം നൽകിയിരിക്കുന്നത്. റവന്യൂവകുപ്പ് മന്ത്രി കെ. രാജൻ ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്.
ചൂരൽമല ദുരന്തത്തിൽ കുടുംബത്തിലുളളവരെ ഒന്നാകെ ശ്രുതിക്ക് നഷ്ടമായെങ്കിലും പ്രതിശ്രുത വരൻ തുണയായി എത്തി. അങ്ങനെയാണ് മാദ്ധ്യമങ്ങളിൽ ഇരുവരും വാർത്തയാകുന്നത്.
ഉറ്റവരെ നഷ്ടപ്പെട്ട ദുരന്തത്തിൽ നിന്ന് ശ്രുതി കരകയറുന്നതിനിടെ ഇരുവരും ബന്ധുവീട്ടിലേക്ക് ഒരുമിച്ച് നടത്തിയ യാത്രയ്‌ക്കിടെയാണ് വാഹനം അപകടത്തിൽപെട്ടത്. അന്ന് ജെൻസന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ആശുപത്രി ജീവനക്കാർ ഏറെ പരിശ്രമിച്ചെങ്കിലും ജെൻസന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. അപകടത്തിൽ ശ്രുതിക്കും പരിക്കേറ്റിരുന്നു.
നിയമന ഉത്തരവ് ഇറങ്ങിയ വിവരം മന്ത്രി അറിയിച്ചിരുന്നു. ഒന്നിനും പകരം ആകില്ലെങ്കിലും മുന്നോട്ടുപോകാൻ ജോലി ആവശ്യമാണെന്നും ശ്രുതി പറഞ്ഞു. ഈ വിഷമങ്ങളിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയാണെന്നും ശ്രുതി അറിയിച്ചു.