സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്ന് കുടുംബം
കൊച്ചി ∙ മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ 19 കാരിയായ ചിത്രപ്രിയയുടെ കൊലക്കേസിൽ പൊലീസ് നിരവധി കാര്യങ്ങൾ കെട്ടിച്ചമയ്ക്കുകയാണെന്നാരോപിച്ച് കുടുംബം രംഗത്ത്.
പൊലീസ് പ്രചരിപ്പിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ തന്നെ അല്ലെന്നും, കാണാതായ സമയത്ത് അവൾ ധരിച്ചിരുന്ന വേഷം സിസിടിവിയിലെ വേഷവുമായി പൊരുത്തപ്പെടുന്നില്ലെന്നും ബന്ധുവായ ശരത് ലാൽ ആരോപിച്ചു.
പോലീസിന്റെ പല വാദങ്ങളിലും വ്യക്തതയില്ലെന്നും, പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇതുവരെ ലഭിക്കാത്തതെന്നും കുടുംബം കൂട്ടിച്ചേർത്തു. കള്ളവാർത്തകൾ പ്രചരിപ്പിച്ച് അന്വേഷണം തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബന്ധുക്കളുടെ ആരോപണം.
കേസിൽ ചിത്രപ്രിയയുടെ ആണ്‍സുഹൃത്തായ അലൻ കുറ്റം സമ്മതിച്ചിരുന്നു. പെൺസുഹൃത്തിൽ തോന്നിയ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും, കൊലപാതകം മദ്യലഹരിയിൽ നടത്തിയതാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ബെംഗളൂരുവിൽ ഏവിയേഷൻ ഡിഗ്രി പഠിച്ചുവരുന്ന ചിത്രപ്രിയ നാട്ടിലെ ക്ഷേത്രചടങ്ങിനായി എത്തിയിരുന്നു.
ശനിയാഴ്ച വൈകിട്ട് ദേശവിളക്കിൽ പങ്കെടുക്കാനായി തയ്യാറെടുത്തിരുന്നെങ്കിലും, പരിപാടിയിൽ പങ്കെടുക്കാതെ വീട്ടിൽ നിന്നിറങ്ങി അലന്റെ ബൈക്കിൽ കയറി പോയതാണ് ദുരന്തത്തിനിടയായത്.
യുവതിയെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ആദ്യം അലനെ ചോദ്യം ചെയ്തുവെങ്കിലും, “വൈകിട്ട് ആറുമണിക്ക് കാടപ്പാറയിൽ ഇറക്കി വിട്ടു” എന്ന അവന്റെ വാക്കിൽ വിശ്വസിച്ച് വിട്ടയച്ചിരുന്നു.
പിന്നീട് ലഭിച്ച സിസിടിവി ദൃശ്യം അന്വേഷണത്തിൽ വഴിത്തിരിവായി — ശനിയാഴ്ച രാത്രി രണ്ട് മണിയോടെ മലയാറ്റൂർ പള്ളിക്ക് മുന്നിൽ അലനും ചിത്രപ്രിയയും കാണപ്പെടുന്നതും, പെൺകുട്ടി ഇറങ്ങുന്ന ദൃശ്യങ്ങളും മറ്റൊരു ബൈക്കിൽ എത്തിയ രണ്ട് പേർ ഇവരോടു സംസാരിക്കുന്ന ദൃശ്യങ്ങളും കണ്ടെത്തി.
അലനെ വീണ്ടും ചോദ്യം ചെയ്‌തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. കേസിൽ മറ്റാരെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ചിലരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതായി പൊലീസ് അറിയിച്ചു.
വ്യാപകമായ തിരച്ചിലിനിടെയാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ചുതുടങ്ങിയ അവസ്ഥയിലുള്ള മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണു പ്രാഥമിക വിലയിരുത്തൽ.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിലെ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ.
English Summary
The family of 19-year-old Chithrapriya, who was murdered in Malayattoor, has accused the police of fabricating details and releasing incorrect CCTV footage, claiming the girl shown in it is not Chithrapriya.









