ഐഎഫ്എഫ്കെ വേദിയിൽ മുഖ്യമന്ത്രിയെ കൂവിയയാളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. ഇന്നലെ ചലച്ചിത്രമേള ഉദ്ഘാടനത്തിന് തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി എത്തിയപ്പോഴാണ് സദസിൽ നിന്ന് കൂവൽ ഉയർന്നത്. ഇതോടെ കൂവിയെ ആളെ പോലീസ് നോട്ടമിട്ടു.
പിന്നീട്മഫ്തിയിൽ ഉണ്ടായിരുന്ന പോലീസ് യുവാവിന്റെ ചുറ്റും കൂടി. എന്താണ് സംഭവം എന്ന് മനസിലാകും മുൻപ് തന്നെ ഇയാൾ പോലീസിന്റെ പിടിയിലായി. യുവാവിനെ മ്യൂസിയം പോലീസിനു കൈമാറി.
ചലച്ചിത്രമേളയുടെ ഇപ്പോഴത്തെ ഡെലിഗേറ്റ് അല്ല കൂവിയത്. പഴയ ഡെലിഗേറ്റ് പാസ് ആണ് ഇയാളുടെ കയ്യിൽ നിന്നും ലഭിച്ചത്. പിടിയിലായ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കഴിഞ്ഞ വർഷത്തെ ചലച്ചിത്രമേള സമാപനച്ചടങ്ങിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ പ്രസംഗത്തിനിടെ കൂവൽ ഉയർന്നത് വലിയ വാർത്തയായിരുന്നു. കൂവൽ പുത്തരിയല്ലെന്നും കൂകി തോൽപ്പിക്കാൻ ആകില്ലെന്നും രഞ്ജിത്ത് അന്ന് മറുപടി പറഞ്ഞിരുന്നു.