തിരുവനന്തപുരം: മുഖ്യമന്ത്രി നിയമവും സുപ്രീംകോടതി വിധിയും ബഹുമാനിക്കണമെന്ന് ആയുർവേദ വ്യാസ് പീഠ്. വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകി വരുന്നവരെ വ്യാജവൈദ്യരെന്ന് മുദ്രകുത്തുന്നത് തെറ്റായ പ്രവണതയാണ്. ഇക്കാര്യം സർക്കാരിന്‍റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിലെ പ്രമുഖരുമായി സംവദിക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
നിയമാനുസൃതമായ അംഗീകൃത യോഗ്യതയില്ലാതെ ചികിത്സ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, “പാരമ്പര്യ വൈദ്യന്മാർ” എന്ന് അവകാശപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചവരുടെ കേസ് തള്ളിക്കൊണ്ട്, അംഗീകൃത യോഗ്യതയില്ലാത്ത വ്യാജ ചികിത്സകർ രോഗികളുടെ ജീവൻ വച്ച് കളിക്കുകയാണെന്നും അത് സമൂഹത്തിന് വലിയ അപകടമാണെന്നും 2018 ൽ സുപ്രീംകോടതി അഭിപ്രായപ്പെട്ടിട്ടുള്ളതാണ്.
മാത്രമല്ല, എല്ലാ രോഗികളും രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണേഷ്‌സ്ൻ്റെ അടുത്ത് മാത്രമേ ചികിത്സ തേടാൻ പാടുള്ളൂ എന്നും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഇല്ലാത്ത വ്യാജചികിത്സകരിൽ നിന്നും ചികിത്സ നേടുന്നത് ആരോഗ്യത്തിന് അപകടം ഉണ്ടാക്കും എന്നും കേരളത്തിൽ രോഗികളെ പരിശോധിക്കുന്നതിനും ചികിത്സ നിശ്ചയിക്കുന്ന മരുന്നുകൾ നൽകുന്നതിനും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാർക്ക് മാത്രമാണ് അധികാരമെന്നും കൗൺസിൽ രജിസ്‌ട്രേഷൻ ഇല്ലാതെ ചികിത്സ നടത്തുന്നത് കെ.എസ്.എം.പി ആക്ട് 2021 പ്രകാരം കുറ്റകരമാണെന്നും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ് ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ്റെ പത്രക്കുറിപ്പിനെ അടിസ്ഥാനമാക്കി കേരള ഗവണ്മെൻ്റിൻ്റെ ഇൻഫർമേഷൻ & പബ്ലിക്ക് റിലേഷൻ വകുപ്പ് ഇക്കഴിഞ്ഞ മാർച്ച് 25 ന് പരസ്യപ്പെടുത്തിയിട്ടുള്ളതുമാണ്. വസ്തുതകൾ ഇപ്രകാരമായിരിക്കെ, ഭരണഘടനയെ ബഹുമാനിച്ചുകൊണ്ട് സംസ്ഥാന ഭരണം നടത്തേണ്ട മുഖ്യമന്ത്രി, നിലവിലെ നിയമത്തിനും കോടതി വിധികൾക്കും വിരുദ്ധമായ നിലപാട് പറഞ്ഞിട്ടുണ്ടെങ്കിൽ, നിയമത്തെയും കേരളത്തിലെ ജനങ്ങളുടെ ആരോഗ്യസുരക്ഷയെയും കണക്കിലെടുത്ത് അത് ഉടൻ തിരുത്തേണ്ടതാണെന്ന് ആയുർവേദ വ്യാസ് പീഠ് സംസ്ഥാന പ്രസിഡൻ്റ് ഡോ.ബി.ജി. ഗോകുലൻ ആവശ്യപ്പെട്ടു