വീടുവയ്ക്കാനുളള അനുമതിക്ക് അപേക്ഷയുമായി വരുന്നവരോട് മുട്ടാപോക്ക് കാരണങ്ങൾ പറഞ്ഞ് വൈകിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് നിർമ്മിക്കാൻ ഡേറ്റാ ബാങ്കിൽപ്പെട്ടാലും നെൽവയൽ-തണ്ണീർത്തട പരിധിയിൽപ്പെട്ടാലും ഗ്രാമപഞ്ചായത്തിൽ 10 സെന്റും നഗരത്തിൽ 5 സെന്റും സ്ഥലത്ത് അനുമതി നിർബന്ധമായും നൽകണം. അത് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ടിഐ മധുസൂധനൻ എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിർമ്മിക്കുവാൻ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കാലതാമസവും തടസ്സവാദങ്ങളും സാധാരണക്കാർ നേരിടുന്ന മുഖ്യ പ്രശ്‌നമാണ്. പാവപ്പെട്ടവന് അടച്ചുറപ്പുള്ള വീട് എന്നത് ഇടതു സർക്കാരിന്റെ നയമാണ്. അതിനായി നെൽവയൽ നികത്തുന്നതിന് തടസ്സമായി നിലനിന്ന 2008 ലെ നെൽവയൽ തണ്ണീർത്തട നിയമത്തിലെ വ്യവസ്ഥയിൽ വ്യക്തമായ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. ഈ ഭേദഗതി പ്രകാരം ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത നിലം ഇനത്തിൽപ്പെട്ട ഭൂമിയുടെ വിസ്തീർണ്ണം 10 സെന്റിൽ കവിയാത്ത പക്ഷം അവിടെ 1291.67 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കുന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ല.
ഇത്തരം ഭൂമിയിലെ വീടുകളുടെ നിർമ്മാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും പെർമിറ്റ് ലഭിക്കുന്നതിന് ഒരു തടസവാദവും ഉന്നയിക്കാൻ കഴിയില്ലെന്നും. ഇത്തരം അപേക്ഷകളിൽ വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് അനുവദിക്കുന്നതിന് ഭൂമി ബിടിആറിൽ നിലം എന്നു രേഖപ്പെടുത്തിയത് തടസ്സമാവില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
അതുപോലെ 5 സെന്റ് വരെയുള്ള ഭൂമിയിൽ 430.56 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വാണിജ്യ കെട്ടിടങ്ങളുടെ നിർമ്മാണത്തിനും പ്രസ്തുത നിയമത്തിലെ 27 (എ) വകുപ്പു പ്രകാരം തരംമാറ്റൽ ആവശ്യമില്ല. കെട്ടിടനിർമ്മാണ അപേക്ഷയോടൊപ്പം നിർദ്ദിഷ്ട ഭൂമി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതല്ല എന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി മുമ്പാകെ സമർപ്പിച്ചാൽ മതിയാകും.