തിരുവനന്തപുരം: മുനമ്പത്തെ സമരസമിതിയുമായി ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രേഖകളുള്ള ഒരാളെപ്പോലും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Chief minister pinarayi vijayan on munambam waqf issue)
നിലവിലുള്ള ഭൂപ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനാണ് സർക്കാരിന്റെ ശ്രമം. ഇതിനു വേണ്ടിയാണ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചത്. ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മിഷന്‍ മുൻപാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും എന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഹൈക്കോടതി മുൻപാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരുന്നതാണ്.- മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നോട്ടിസ് അടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്.