ബെംഗളൂരു: ചുട്ട കോഴിയെ പറപ്പിച്ചെന്ന് പറയും പോലാണ് കർണാടകയിലെ ഹഡിഗെ ഗ്രാമത്തിലെ കാര്യം.
ഒറ്റ ദിവസം കൊണ്ട് ഇവിടെ ചത്തത് 12ലധികം കോഴികളാണ്. എന്നാൽ ചത്ത കോഴികളുടെ വായിൽ നിന്നും തീയും പുകയും വരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.
ഗ്രാമവാസികളിൽ ഒരാൾ ഈ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലും പങ്കുവച്ചതോടെ കോഴികൾ ചത്തതിനു പിന്നിലെ ദുരൂഹത തിരയുകയാണ് ആളുകളിപ്പോൾ .
ചത്ത് നിലത്തുകിടക്കുന്ന ഒരുകൂട്ടം കോഴികളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പ്രചരിക്കുന്നത്.
വീഡിയോയിൽ ചത്തു കിടക്കുന്ന കോഴികളിൽ ചിലതിന്റെ തൂവലുകളിൽനിന്നും പുക ഉയരുന്നുണ്ട്. വീഡിയോ എടുത്തയാൾ ചത്തുകിടക്കുന്ന കോഴികളിലൊന്നിന്റെ വയറിൽ അമർത്തുമ്പോൾ ഇതിന്റെ വായിലൂടെ തീജ്വാലകളും പുകയും പുറന്തള്ളുന്നത് കാണാം.
എന്നാൽ എന്തുകൊണ്ടാണ് കോഴികൾ ചത്തതെന്നോ പുകയും തീയും എങ്ങനെ വന്നുവെന്നോ വീഡിയോയിൽ പറയുന്നില്ല.
കോഴികൾ ഇത്തരത്തിൽ ചത്തത് നാട്ടുകാരെയും ഭയത്തിലാക്കിയിരിക്കുകയാണ്. ഡിസംബർ 18 നായിരുന്നു സംഭവം.
സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി കോഴികൾ കൂട്ടത്തോടെ മരിക്കാനിടയായ സാഹചര്യം കണ്ടെത്താമെന്നാണ് ഉടമയായ രവിയുടെ ആവശ്യം.
അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത ചോദ്യം ചെയ്യുന്നവരും ഏറെയാണ്.
രാസവസ്തുക്കൾ അടങ്ങിയ വിഷവസ്തുക്കൾ ഉള്ളിൽ ചെന്നാവാം കോഴികളുടെ മരണമെന്നും അതുകൊണ്ടാവാം ഇത്തരത്തിൽ തീ തുപ്പുന്നതെന്നും ചിലർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു.