ആന്ധ്രയിലെ മുഖ്യ പ്രതിപക്ഷമായ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയിലെ പ്രവർത്തകർക്കെതിരെ കൂട്ടത്തോടെ കേസെടുത്ത് ചന്ദ്രബാബു നായിഡു സർക്കാർ. കഴിഞ്ഞ ഒരാഴ്ചക്കിടെ വൈ എസ് ആറിലെ 680 പേർക്കാണ് പോലീസ് നോട്ടീസ് കൊടുത്തിരിക്കുന്നത്. ഇവരുടെയെല്ലാം പേരിലായി 147 കേസുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. 49 അറസ്റ്റും നടത്തി. പ്രത്യേക പോലീസ് സംഘം രൂപീകരിച്ചാണ് നടപടികൾ.
സോഷ്യൽ മീഡിയയിലൂടെ സർക്കാരിനെ വിമർശിച്ചുവെന്ന പേരിലാണ് കേസുകൾ എടുക്കുന്നത്. പ്രമുഖ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളായ വര രവീന്ദ്ര റെഡ്ഡി അടക്കം റിമാൻഡിലായിരിക്കുകയാണ്. അറസ്റ്റിലായവരെ കുർണൂർ റേഞ്ച് ഡിഐജി അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ഭാരതീയ ന്യായ് സംഹിതയിലെ കഠിനമായ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുക്കുന്നത്. സ്പർധ വളർത്തി, മാനഹാനി ഉണ്ടാക്കി, പൊതു ശല്യമായി, ക്രിമിനൽ ഗൂഢാലോചന നടത്തി തുടങ്ങിയവക്കുള്ള വകുപ്പുകൾ ചുമത്തി, ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വിവിധ വകുപ്പുകളും ചേർത്താണ് കേസെടുക്കുന്നത്.
കൂട്ടക്കേസുകൾ വന്നതോടെ നായിഡു മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി വി അനിത, നടൻ ബാലകൃഷ്ണയുടെ ഭാര്യ വസന്ത, ചന്ദ്രബാബു നായിഡുവിൻ്റെ ഭാര്യ, ഉപ മുഖ്യമന്ത്രി പവൻ കല്യാണിൻ്റെ പെൺമക്കൾ, കോൺഗ്രസിൻ്റെ സംസ്ഥാന അധ്യക്ഷ വൈ എസ് ഷർമ്മിള, അമ്മ വൈ എസ് വിജയമ്മ എന്നിവർക്കെതിരെയെല്ലാം രൂക്ഷമായ പ്രതികരണങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
പാർട്ടിയുടെ ഒട്ടേറെ ജില്ലാ – പ്രാദേശിക പ്രമുഖ നേതാക്കളുടെ സോഷ്യൽ മീഡിയാ പോസ്റ്റുകൾ ചികഞ്ഞെടുത്ത് പോലീസ് കേസാക്കുകയാണ്. പാർട്ടി നേതാക്കളെ കുടുക്കാൻ പാകത്തിലുള്ള മൊഴികൾ അറസ്റ്റിലായവരിൽ നിന്ന് നേടിയെടുക്കാൻ പോലീസ് ശ്രമിക്കുന്നതായി വര രവീന്ദ്ര റെഡ്ഡി കോടതിയിൽ ഹാജരാക്കിയപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. ടിഡിപിയിലെ നേതാക്കളായ സ്ത്രീകളേയും അവരുടെ കുടുംബാംഗങ്ങളേയും ടാർജറ്റ് ചെയ്ത് അധിക്ഷേപിക്കുന്നവർ നിരീക്ഷണത്തിൽ ആണെന്നും ഇത്തരക്കാരെ ആണ് പോലീസ് പിടികൂടുന്നതെന്നും ടിഡിപി നേതാക്കൾ ന്യായീകരിക്കുന്നു.