ദുബായ്: അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ തന്നെ നടക്കുമെന്നു ഉറപ്പായി.
ഹൈബ്രിഡ് മോഡൽ പോരാട്ടമായിരിക്കും ചാംപ്യൻസ് ട്രോഫിയിൽ നടക്കുക. വ്യാഴാഴ്ച ഐസിസി അധ്യക്ഷനായി ചുമതലയേറ്റ ജയ് ഷാ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡ് ഡയറക്ടർമാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പുതിയ തീരുമാനം.
യുഎഇയിലായിരിക്കും ഇന്ത്യയുടെ പോരാട്ടങ്ങൾ നടക്കുക. ഔദ്യോഗിക പ്രഖ്യാപനം നാളെ ദുബായിൽ വച്ച് നടക്കും. 2027 വരെ ഇത്തരത്തിൽ ഹൈബ്രിഡ് മോഡലിൽ തന്നെയായിരിക്കും മത്സരങ്ങൾ നടക്കുക.
ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാറുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യൻ മണ്ണിൽ പാകിസ്ഥാൻ കളിക്കാനെത്താറുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ അരങ്ങേറാനിരിക്കുന്ന ഐസിസി പോരാട്ടങ്ങളിൽ ഇനി പാകിസ്ഥാൻ എത്തില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ വേദിയാകുന്ന ഏഷ്യാ കപ്പ്, വനിതാ ഏകദിന ലോകകപ്പ്, 2026ലെ പുരുഷ ടി20 ലോകകപ്പ് ടൂർണമെന്റുകളിൽ പാകിസ്ഥാൻ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോർട്ട്.
ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് പാകിസ്ഥാനു പുറമേ മറ്റൊരു വേദിയിൽ കൂടി നടത്താനുള്ള ഐസിസി നീക്കത്തോടു പാകിസ്ഥാൻ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
പിന്നീട് തുടർ ചർച്ചകൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിലാണ് പാകിസ്ഥാൻ വഴങ്ങിയത്. ഇതിനു പിന്നാലെയാണ് തീരുമാനം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബിസിസിഐ ഇന്ത്യൻ ടീമിനെ അയക്കേണ്ടതില്ലെന്ന കടുത്ത നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ ബിസിസിഐ നിലപാടിനെ അനുകൂലിച്ചതോടെയാണ് പാകിസ്ഥാന് അയയേണ്ടി വന്നത്.