ദക്ഷിണേന്ത്യയിലെ പ്രധാന സർവ്വമത തീർത്ഥാടന കേന്ദ്രം; ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 04-ന്
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഡിസംബർ 04-ന് നടക്കും. പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ദക്ഷിണേന്ത്യയിലെ പ്രധാന സർവ്വമത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ചക്കുളത്തുകാവിൽ, വ്രതാനുഷ്ഠാനത്തോടെ ലക്ഷക്കണക്കിന് ഭക്തർ പൊങ്കാലയ്ക്ക് എത്തുമെന്നാണു പ്രതീക്ഷ.
പൊങ്കാലയുടെ ഭാഗമായി കാർത്തിക സ്തംഭം ഉയർത്തൽ നവംബർ 23 ഞായറാഴ്‌ച നടക്കും.
പുലർച്ചെ 4-ന് നിർമ്മാല്യദർശനം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9-ന് വിളിച്ചുചൊല്ലി പ്രാർത്ഥന എന്നിവയ്ക്ക് ശേഷം, ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും.
തുടർന്ന്, പണ്ഡാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റ് രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പകർന്നതോടെ പൊങ്കാല ആരംഭിക്കും.
കേന്ദ്രമന്ത്രി ജോർജ് കൂര്യൻ പൊങ്കാല ഉദ്ഘാടനം നിർവഹിക്കും. തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർ ശെൽവം ഭദ്രദീപം തെളിക്കും.
ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.
പൊങ്കാല ദിവസം രാവിലെ 11 മണിക്ക് 500-ലേറെ വേദ പണ്ഡിതരുടെ നേതൃത്വത്തിൽ, 51 ജീവനുകളിലായി ദേവി എഴുന്നള്ളിച്ച് ഭക്തരുടെ പൊങ്കാല നേദിക്കും. തുടർന്ന് ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകീട്ട് 5-ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. എം.പി കൊടിക്കുന്നിൽ സുരേഷ്, ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, ഇമാം അമാനുല്ലാഹ് സുഹ്‌രി എന്നിവർ മുഖ്യാതിഥികളാകും.
പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി തെളിക്കും.
ഭക്തർക്കായി 1500-ലേറെ വളണ്ടിയർമാരുടെ സേവനം, താൽക്കാലിക ശൗചാലയങ്ങൾ, പാർക്കിങ് സൗകര്യം അടക്കം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. പ്ലാസ്റ്റിക് പൂർണമായി നിരോധിച്ചും ഹരിതചട്ടങ്ങൾ പാലിച്ചുമാണ് പൊങ്കാല ഒരുക്കങ്ങൾ. കെ.എസ്.ആർ.ടി.സി സഹകരണത്തോടെ എല്ലാ ഡിപ്പോകളിൽ നിന്നും തീർത്ഥാടന യാത്രാ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
വിവിധ ഇൻഫർമേഷൻ സെൻ്റെറുകളിൽ 1500-ത്തിലധികം ക്ഷേത്ര വോളന്റിയേഴ്‌സ് നിർദ്ദേശങ്ങളുമായി സേവന പ്രവർത്തനങ്ങൾ നടത്തും.
ഭക്തരുടെ പ്രാഥമീകാവശ്യങ്ങൾക്കായി സ്ഥിരം സംവിധാനങ്ങൾക്കു പുറമെ താത്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തും.
പോലീസ്, കെ.എസ്. ആർ.റ്റി.സി, ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഫയർഫോഴ്‌സ്, കെ.എസ്.ഇ.ബി., ജല അതോറിറ്റി, എക്സൈസ്, ജല ഗതാഗതം, റവന്യൂ വകുപ്പുകളുടെ സേവനം ആലപ്പുഴ-പത്തനംതിട്ട ജില്ലാ കളക്‌ടർ മാരുടെ നേതൃത്വത്തിൽ സജ്ജീകരിക്കും.
പാർക്കിംഗിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തും. പ്ലാസ്റ്റിക്ക് പൂർണ്ണമായി നിരോധിച്ചും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ ഡിപ്പോയിൽനിന്നും തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമായി ചക്കുളത്ത്കാവിലെക്ക് പൊങ്കാല അർപ്പിക്കാൻ എത്തുന്ന ഭക്തർക്ക്
പൊങ്കാല അർപ്പിച്ച ശേഷം തിരികെ മടങ്ങുന്നതിനുമുള്ള സൗകര്യം ചക്കുളത്തുകാവ് ക്ഷേത്രവും കെ.എസ്സ്.ആർ.റ്റി.സി യും മായി സംയോജിച്ച് ക്രമീകരിച്ചിട്ടുണ്ട്.
ക്ഷേത്ര ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തി അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, മാധ്യമ കോർഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
English Summary
The world-famous Chakkulathukavu Pongala will take place on December 4, 2025 at Chakkulathukavu Sree Bhagavathy Temple, Kerala.









