ദില്ലി: ലാറ്ററൽ എൻട്രി നിയമനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. പരസ്യം പിൻവലിക്കാൻ യുപിഎസ്‍സിക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ലാറ്ററൽ എൻട്രി നിയമനങ്ങൾക്കെതിരെ ഘടകകക്ഷികളിൽ നിന്ന് എതിർപ്പുയർന്നിരുന്നു.(Center withdraws from lateral entry recruitment; Advise to withdraw advertisement)
വിവിധ മന്ത്രാലയങ്ങളിലെ പ്രധാന തസ്തികകളിൽ കോൺട്രാക്ട് ലാറ്ററൽ എൻട്രി നിയമനങ്ങൾ നടത്താനായിരുന്നു കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവര്‍ ഉന്നയിച്ചത്. യുപിഎസ്‍സിക്ക് പകരം ആർഎസ്എസ് വഴി സർക്കാർ ജോലികളിൽ ആളെ കയറ്റി, പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുന്നെന്നാണ് രാഹുൽ വിമര്‍ശിച്ചത്. സർക്കാരിന്റേത് സംവരണം തട്ടിയെടുക്കാനുള്ള നീക്കമാണെന്നും ഉന്നത തസ്തികകളിൽ നിന്നും പിന്നോക്ക വിഭാഗങ്ങളെ തഴയുകയാണെന്നും രാഹുൽ ആരോപിച്ചിരുന്നു.
പത്ത് ജോയിന്റ് സെക്രട്ടറിമാര്‍, 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരെ സ്വകാര്യ മേഖലകളില്‍നിന്ന് നിയമിക്കാനായിരുന്നു കേന്ദ്ര തീരുമാനം. ഒന്നര ലക്ഷം മുതല്‍ 2.7 വരെയാണ് ശമ്പളം. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. സ്റ്റീല്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരുന്നത്.