കൊച്ചി: പീഡനക്കേസിൽ സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച നടൻ സിദ്ദിഖിന്റെ വീടിന് മുന്നിൽ ആഘോഷം. റോഡിലൂടെ പോകുന്ന വാഹനത്തിലെ യാത്രക്കാർക്കും നാട്ടുകാർക്കും ലഡു വിതരണം ചെയ്യുകയാണ്.Celebration in front of actor Siddique’s house who got interim bail from Supreme Court in molestation case
‘നമ്മുടെ സിദ്ദിഖ് സാറിന് സുപ്രീം കോടതയിൽ നിന്ന് ജാമ്യം ലഭിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് ലഡു വിതരണം. ഇന്ന് ഉച്ചയോടെയാണ് രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ജാമ്യം അനുവദിച്ചത്.
സിദ്ദിഖ് ഞങ്ങളുടെ അയൽവാസിയും നാട്ടുകാരനുമാണെന്ന് ലഡു വിതരണം ചെയ്തയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, അദ്ദേഹത്തെ ക്രൂശിക്കാൻ വേണ്ടി ചെയ്ത പണിയാണിത്. അദ്ദേഹം നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞുവരും.
കേസ് നടക്കട്ടെ. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് നമുക്ക് 100 ശതമാനം വിശ്വാസമുണ്ട്. പത്ത് മുപ്പത് വർഷമായി ഞങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ്. ഇന്ത്യയുടെ പരമോന്നത കോടതിയാണ് അദ്ദേഹത്തിന് ജാമ്യം നൽകിയിരിക്കുന്നത്’- നാട്ടുകാരൻ പറഞ്ഞു.
ഉപാധികൾ അനുസരിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഉപാധികൾ എന്തൊക്കെയാണെന്ന് സംബന്ധിച്ച് വിചാരണ കോടതിക്ക് തീരുമാനിക്കാം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞാണ് സുപ്രീം കോടതിയുടെ നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്.
രണ്ടാഴ്ചയ്ക്ക് ശേഷം കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. വിചാരണ കോടതി മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകൾക്ക് ബാധകമായിട്ടാണ് അറസ്റ്റ് തടഞ്ഞത്.
പരാതി നൽകാൻ കാലതാമസമുണ്ടായത് കണക്കിലെടുത്താണ് കോടതി ഇപ്പോൾ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനം എന്തു ചെയ്യുകയാണെന്നും കോടതി ചോദിച്ചു. കേസിൽ കക്ഷചേരാൻ ശ്രമിച്ചവരെ കോടതി ശാസിച്ചു. ഇവർക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും കോടതി വ്യക്തമാക്കി.