വയനാട്: വീതി കുറഞ്ഞ ചുരത്തിൽ മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് വഴി മാറികൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി താലൂക്ക് സർവേയർക്കും മകനുമെതിരെ പോലീസ് കേസെടുത്തു. പട്ടിക വർഗ വികസന വകുപ്പ് മന്ത്രിയായ ഒ ആർ കേളുവിന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനാണ് നടപടി. കേളകത്തെ താലൂക്ക് സർവേയറായ പ്രീത് വർഗീസ്, മകൻ അതുൽ എന്നിവർക്കെതിരെയാണ് കേളകം പൊലീസ് കേസെടുത്തത്.(Case against taluk surveyor and son for not giving sides to the minister’s vehicle)
വ്യാഴാഴ്ച രാവിലെ ബോയ്സ് ടൗൺ- പാൽചുരം റോഡിൽ വെച്ചാണ് സംഭവം. താരതമ്യേന വീതി കുറഞ്ഞ റോഡാണ് ഇവിടെ ഉള്ളത്. എന്നാൽ മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് സൈഡ് കൊടുത്തില്ല എന്നും, വാഹനത്തിന് കടന്നുപോകാനാകാതെ മാർഗ്ഗതടസം സൃഷ്ടിച്ചെന്നും, ഭീഷണിപ്പെടുത്തുയെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ 126 (2), 285 , കേരള പൊലീസ് നിയമത്തിലെ 117(ഇ) എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
താലൂക്ക് സർവേയറുടെ മകൻ അതുലായിരുന്നു കാർ ഓടിച്ചിരുന്നത്. വീതികുറഞ്ഞ റോഡായിരുന്നതിനാൽ എതിർദിശയിൽ നിന്ന് വാഹനങ്ങൾ വന്നെന്നും അതിനാലാണ് സൈഡ് നൽകാൻ കഴിയാതെയിരുന്നതുമെന്നുമാണ് പ്രീത് വർഗീസും, മകൻ അതുലും പറയുന്നത്. വാഹനങ്ങൾ കടന്നുപോയ ശേഷം പൈലറ്റ് വാഹനത്തിലെ എസ് ഐ അസഭ്യം പറഞ്ഞതും മകൻ പേടിച്ചെന്നും മന്ത്രി ആണ് കാറിൽ ഉണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നുവെന്നും പ്രീത് വർഗീസ് കൂട്ടിച്ചേർത്തു.