ടി എൻ പ്രതാപനെതിരെയും ഹൈബി ഈഡനെതിരെയും പോസ്റ്റിൽ പരാമർശമുണ്ട്
കൊച്ചി: വി ഡി സതീശൻ നടത്തുന്ന മലയോര ജാഥക്കെതിരെ കാസ രംഗത്ത്. കേരള രാഷ്ട്രീയം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കഴിവ് കെട്ടവനും ക്രൈസ്തവ വിരുദ്ധനുമായ പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ എന്നാണ് കാസയുടെ ആരോപണം. പെട്ടെന്ന് ജനകീയനാകാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നാടകം മാത്രമാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മലയോര സംരക്ഷണ ജാഥയെന്നും കാസ ആരോപിച്ചു.(CASA against VD Satheesan’s March)
കാട്ടു മൃഗങ്ങളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂടി അശാന്തി പരത്തി മലയോര ജനതയെ കുടിയിറക്കുവാനുള്ള പദ്ധതിക്ക് സഹായം നൽകുന്ന രീതിയിലായിരുന്നു അന്യായമായ ബഫർ സോൺ നിശ്ചയിച്ചത്. വിഡി സതീശന്റെ കടുംപിടുത്തം ഒന്നു കൊണ്ട് മാത്രമായിരുന്നു അത് സംഭവിച്ചതെന്നും കാസ ആരോപിച്ചു. വി ഡി സതീശനൊപ്പം ടി എൻ പ്രതാപനെതിരെയും ഹൈബി ഈഡനെതിരെയും പോസ്റ്റിൽ പരാമർശമുണ്ട്. വന്യജീവികൾക്ക് സഞ്ചരിക്കാൻ ഇടംകൊടുക്കണമെന്നും ഇടുക്കിക്കാർ കൈയേറ്റക്കാരാണെന്നും പശ്ചിമഘട്ടം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹരിത എംഎൽഎമാർ എന്ന പേരിൽ ഒരു കൂറുമുന്നണിയുണ്ടാക്കി നിയമസഭയ്ക്കകത്ത് മലയോര ജനതയ്ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയത് വി ഡി സതീശന്റെ നേതൃത്വത്തിൽ തന്നെയായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടി.
ജയറാം രമേശിൻ്റെയും കോൺഗ്രസിൻ്റെയും നേതൃത്വത്തിൽ പശ്ചിമഘട്ട സംരക്ഷണത്തിൻ്റെ മറവിൽ കാർബൺ ഫണ്ട് ലക്ഷ്യമാക്കി മലയോരജനതയെ നിർബന്ധിത കുടിയറിക്കത്തിന് പ്രേരിപ്പിക്കുന്നതിനായി കപട പരിസ്ഥിതി വാദികളോടൊപ്പം നിന്ന് കുടിയേറ്റ കർഷകരെ ദ്രോഹിച്ചവരാണ് സതീശന്റെ നേതൃത്വത്തിലുള്ള ഹരിത എംഎൽഎമാർ എന്നും ഇപ്പോൾ ഒരു ഉളുപ്പുമില്ലാതെ മലയോര ജനതയെ സംരക്ഷിക്കാൻ ആയിട്ട് ജാഥ നടത്തുന്നത് എന്നും രൂക്ഷ വിമർശനമാണ് കാസ ഉന്നയിച്ചത്.
മൂന്നാർ ഉൾപ്പടെയുള്ള ഇടുക്കിയുടെ വിവിധ മേഖലകളിൽ നിർമാണ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടതും വി ഡി സതീശനും ടി എം പ്രതാപനും ഹൈബി ഈഡനും ഉൾപ്പടെയുള്ളവർ മലയോര പ്രദേശവുമായി ഒരുവിധ ബന്ധവുമില്ലാത്ത നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള എംഎൽഎമാർ ആയിരുന്നു. ഇടുക്കി വെള്ളാപ്പാറ ഫോറസ്റ്റ് ഐബിയിൽ സതീശന്റെ നേതൃത്വത്തിൽ ചേർന്ന നിയമസഭാ സമിതി യോഗത്തിലാണ് ബഫർ സോൺ വിസ്തീർണ്ണം വർധിപ്പിക്കണമെന്ന് കടുംപിടുത്തം പിടിച്ച് വി ഡി സതീശൻ ഗവർമെന്റിന് ശുപാർശ ചെയ്യിപ്പിച്ചത് എന്നും കാസ ചൂണ്ടിക്കാട്ടുന്നു.
ഗാഡ്ഗിൽ സമരകാലത്ത് കർഷകരോടൊപ്പം നിന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിനെ തൊടുപുഴയിൽ വി ഡി സതീശൻ പുലഭ്യം പറഞ്ഞത് സതീശൻ മറന്നാലും ക്രിസ്ത്യാനികൾ മറക്കില്ല എന്നും നാർക്കോട്ടിക് ജിഹാദ് എന്ന യാഥാർത്ഥ്യത്തെക്കുറിച്ച് വിളിച്ചു പറഞ്ഞതിന് പാലാ പിതാവിനെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ കേരളം മുഴുവൻ ഓടി നടന്നതും ലൗ ജിഹാദ് വിഷയത്തിലും 80:20 വിഷയത്തിലും EWS വിഷയത്തിലും തുടങ്ങി മുനമ്പം ഭൂമി വിഷയം വരെ സതീശൻ നേതൃത്വ നിരയിലേക്ക് വന്നതിനുശേഷം ക്രൈസ്തവർക്ക് ഏതൊക്കെ വിഷയങ്ങൾ ഉണ്ടായിട്ടുണ്ടോ അതിലെല്ലാം വി ഡി സതീശൻ വേട്ടക്കാർക്കൊപ്പം തന്നെയായിരുന്നു എന്നും കാസ ഓർമിപ്പിച്ചു.