വിജയകരമായ പഞ്ചസാര നികുതിയ്ക്ക് പിന്നാലെ കേക്ക്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് എന്നിവയിലേക്കും പഞ്ചസാര നികുതി യു.കെ.യിൽ വ്യാപിപ്പിച്ചേക്കും.ഫ്രാപ്പൂസിനോസ്, മിൽക്ക് ഷേക്കുകൾ, ബബിൾ ടീ തുടങ്ങിയ മധുരമുള്ള പാൽ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾക്കും നികുതി നിലവിൽ വരും. പ്രമേഹം, ദന്തക്ഷയം, പൊണ്ണത്തടി, , എന്നിവയെ നേരിടാൻ സഹായിക്കുന്നതിന് അടുത്ത യു.കെ. സർക്കാർ നിയമം നടപ്പാക്കണമെന്ന അഭ്യർഥന ലോകാരോഗ്യ സംഘടനയാണ് മുന്നോട്ടു വെച്ചത്.
2018-ലും 2015-ലും യഥാക്രമം പഞ്ചസാര നികുതി, പഞ്ചസാര കുറയ്ക്കൽ പദ്ധതി എന്നിവ അവതരിപ്പിച്ചിരുന്നു. ശീതളപാനീയ വ്യവസായത്തിന് ചെലുത്തപ്പെട്ട ലെവിയും ഇതിനു പിന്നാലെ നിലവിൽ വന്നു. ഇതോടെ മൊത്തം പഞ്ചസാര വിൽപ്പനയിൽ 34.3% ഇടിവുണ്ടായി. എന്നാൽ ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവിൽ വലിയ ഇടിവുണ്ടായില്ല.പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടും കമ്പനികൾ പാലിക്കാത്തതാണ് പുതിയ നികുതി നടപ്പാക്കാനുള്ള ആലോചനയുടെ കാരണം. മുൻപ് ഏർപ്പെടുത്തിയ പഞ്ചസാര നികുതി കൗമാരക്കാരായ പെൺകുട്ടികളിൽ അമിതവണ്ണം കുറയ്ക്കാനും പല്ല് കേടായതിനെ തുടർന്ന് ചികിത്സ തേടുന്നവരുടെയും എണ്ണത്തിൽ കുറവുണ്ടാക്കിയതായി ഗവേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.