തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ 13 ന് നടക്കും. നവംബർ 23നാണ് വോട്ടെണ്ണൽ നടക്കുക.
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയെന്നത് കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ എല്‍ഡിഎഫ്, പീരുമേട് മുന്‍എംഎല്‍എ ഇഎസ് ബിജി മോളെ പരിഗണിക്കുന്നതായാണ് സൂചന.
കഴിഞ്ഞ തവണ രാഹുലിനെതിരെ മല്‍സരിച്ച ആനി രാജയും പരിഗണനയിലുണ്ട്. സിപിഐ നേതൃത്വമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.ചേലക്കരയില്‍ മുന്‍ എം എല്‍ യു ആര്‍ പ്രദീപിനെ സിപിഎം പരിഗണിക്കുന്നതായാണ് സൂചന.
ഇടക്കാലത്ത് കെ. രാധാകൃഷ്‌ണന്‍ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറി നിന്നപ്പോള്‍ ചേലക്കരയില്‍ മല്‍സരിച്ചു ജയിച്ച പശ്ചാത്തലം യു ആര്‍ പ്രദീപിനുണ്ട്.ചേലക്കര നിയമസഭ സീറ്റിൽ മുന്‍ ആലത്തൂര്‍ എം പി രമ്യ ഹരിദാസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും.
കെപിസിസി നല്‍കിയ സ്ഥാനാർഥി പട്ടികയിലുള്ളത് രമ്യാ ഹരിദാസിന്‍റെ മാത്രം പേരാണ്.പാലക്കാട് ഇടത് സ്ഥാനാർഥിയായി കെ ബിനുമോൾ എത്തുമെന്നാണ് സൂചന. പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടത്തിലാണ് കെപിസിസി നല്‍കിയ സ്ഥാനാർഥി പട്ടികയിലുള്ളത്. അന്തിമ പ്രഖ്യാപനം നടത്തുക എ ഐ സിസി ആകും.
അതേസമയം, ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളായെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. സ്ഥാനാർഥി പട്ടിക കേന്ദ്രത്തിന് കൈമാറി. ഇന്നോ നാളെയോ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ബിജെപി ശോഭ സുരേന്ദ്രനെയും അബ്‌ദുള്ളക്കുട്ടിയേയും വയനാട്ടിലേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ട്.ചേലക്കരയില്‍ ഇത്തവണ ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ ടി എന്‍ സരസും, കെ ബാലകൃഷ്‌ണന്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ത്ഥിയായേക്കും.
പാലക്കാട്ട് സി കൃഷ്‌ണകുമാറിനാണ് സാധ്യത.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്‌ബറേലിയും മത്സരിച്ച് വിജയിച്ച രാഹുല്‍ ഗാന്ധി റായ്‌ബറേലി പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെയാണ് വയനാട് ലോക്‌സഭ സീറ്റില്‍ ഒഴിവ് വന്നത്.
ചേലക്കര എംഎല്‍എ ആയിരുന്ന കെ രാധാകൃഷ്‌ണന്‍ ലോക്‌സഭയിലേക്ക് ജയിച്ചുകയറിയതിന് പിന്നാലെയാണ് സീറ്റ് ഒഴിഞ്ഞത്. പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ വിജയിച്ചതോടെയാണ് ഈ സീറ്റ് ഒഴിഞ്ഞത്.
സിപിഎം ആരോപണങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് കേരളം ഉപതെരഞ്ഞെടുപ്പ് തിരക്കിലേയ്ക്ക് കടക്കുന്നത്. ഇന്ന് കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ പൊടുന്നനെ ഭരണമുന്നണിയിലേയ്ക്ക് സമ്മാനിച്ച അപക്വ വിവാദം ഉള്‍പ്പെടെ പി.വി അന്‍വര്‍ തൊടുത്തുവിട്ട വിവാദങ്ങളെല്ലാം സര്‍ക്കാരിനെയും ഭരണ മുന്നണിയെയും വീര്‍പ്പുമുട്ടിക്കുകയാണ്.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തത്, മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ കടുത്ത നീക്കങ്ങള്‍ എന്നവയൊക്കെ സിപിഎമ്മിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.
ഒരു തരത്തിലും ഒരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആരോഗ്യസ്ഥിതി ഇല്ലാത്ത സാഹചര്യത്തില്‍ സുപ്രധാന ഉപതെരഞ്ഞെടുപ്പുകള്‍ എന്നതാണ് ഇടതുമുന്നണിയുടെ മുമ്പിലുള്ള വെല്ലുവിളി.
വയനാട്ടിലും പാലക്കാടും സിപിഎമ്മിനെ സംബന്ധിച്ച് തോല്‍വി ഉണ്ടായാലും വലിയ പ്രതിസന്ധിയില്ല. കാരണം രണ്ടിടത്തും അവര്‍ വിജയ പ്രതീക്ഷകളില്‍ ബഹുദൂരം പിന്നിലാണ്. പക്ഷേ സിറ്റിംങ്ങ് സീറ്റായ ചേലക്കരയുടെ കാര്യത്തില്‍ സിപിഎമ്മിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണുള്ളത്.
1996 മുതല്‍ സിപിഎമ്മിന്‍റെ അടിയുറച്ച കോട്ടയായ ചേലക്കര കൈവിട്ടുപോകുന്നത് സിപിഎമ്മിനെ സംബന്ധിച്ച് ഇരട്ടി പ്രഹരമാകും. മാത്രമല്ല, വരുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും അതിന്‍റെ പ്രതിഫലനങ്ങള്‍ ഉണ്ടാകുകയും ചെയ്യും.
അതിനാല്‍തന്നെ എന്ത് വിലകൊടുത്തും ചേലക്കര നിലനിര്‍ത്താനുള്ള കഠിന പ്രയത്നങ്ങളാകും സിപിഎമ്മിന്‍റെ ഭാഗത്തുനിന്നുണ്ടാവുക. ‘പൂരം കലക്കിയ’ വിവാദങ്ങള്‍ പുറത്തുവന്ന തൃശൂര്‍ ജില്ലയില്‍ നടക്കുന്ന ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ കലക്കിയ പൂരത്തിനുപോലും മറുപടി പറയേണ്ടിവരും. പരാജയം ഉണ്ടായാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചും അത് നിര്‍ണായകമാകും.
പാലക്കാട് ഏറെ തവണകളായി സിപിഎം മൂന്നാം സ്ഥാനത്തേയ്ക്ക്. വയനാട്ടില്‍ ഇതുവരെ അവര്‍ വിജയിച്ചിട്ടുമില്ല. പ്രത്യേകിച്ചും പ്രിയങ്കാ ഗാന്ധി മല്‍രിക്കുന്ന സാഹചര്യത്തില്‍ അതിനൊരു പ്രസക്തിയുമില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ നടത്താനാണ് സിപിഎം തീരുമാനം. വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനം മറ്റന്നാൾ ഉണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വസം അറിയിച്ചു.
സ്ഥാനാർഥി നിർണയത്തിൽ നിർണായക തീരുമാനമുണ്ടാകുമെന്ന സൂചനകളാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകുന്നത്. വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകൾക്ക് എൻഡിഎ ഒരുങ്ങി.
എൻഡിഎ സ്ഥാനാർഥികളുടെ സാധ്യത പട്ടികയിൽ ഓരോ മണ്ഡലത്തിലും 3 പേരുടെ പേരുകളാണുള്ളത്. അന്തിമ തീരുമാനം സ്വീകരിക്കുക കേന്ദ്ര നേതൃത്വമാകും. വിജയസാധ്യത കൂടുതലുള്ളവർ സ്ഥാനാർഥികളാകും. സ്ഥാനാർഥി തർക്കം കേരളത്തിൽ ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്ഥാനാർഥി തർക്കം കേരളത്തിൽ ഇല്ലെന്ന് വ്യക്തമാക്കുമ്പോഴും ലിസ്റ്റിന് പുറത്ത് നിന്നുള്ള സ്ഥാനാർഥി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന സൂചന കെ സുരേന്ദ്രൻ നൽകി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം നടന്ന പാലക്കാട് വൻ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. മണ്ഡലത്തിൽ ശോഭ സുരേന്ദ്രൻ, സി കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് ബിജെപി സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചേലക്കരയിൽ പ്രൊഫ. ടിഎൻ സരസുവിനെ പരിഗണിക്കുന്നുണ്ട്. വയനാട്ടിൽ പ്രമുഖ നേതാക്കളെയാണ് ബിജെപി രംഗത്തിറക്കുക. പുറത്തുവരുന്ന സൂചനകൾ പ്രകാരം വയനാട്ടിൽ എംടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം സ്വീകരിക്കും.
എന്നാൽ, വയനാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന ആവശ്യം വയനാട് ബിജെപിയിൽ നിന്ന് ശക്തമാണ്.
ഇടതു വലത് മുന്നണികൾ കരുത്തരായ സ്ഥാനാർഥികളെ രംഗത്തിറക്കുമ്പോൾ മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ നേരിട്ടിറങ്ങിയാൻ വോട്ടുശതമാനം ഉയർത്താൻ സാധിക്കുമെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിൻ്റെ നിഗമനം.
ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളും വയനാട് ലോക്സഭാ മണ്ഡലവുമാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ സീറ്റ് ഒഴിഞ്ഞപ്പോള്‍ തന്നെ ഇവിടെ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ആയിരിക്കുമെന്ന കോണ്‍ഗ്രസ് തീരുമാനം വന്നിട്ടുണ്ട്.
ചേലക്കരയില്‍ രമ്യ ഹരിദാസും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എന്ന് ഏകദേശം തീര്‍ച്ചയായിട്ടുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലേക്കും ഒരേ ഒരു പേര് മാത്രമാണ് കെപിസിസി എഐസിക്ക് നല്‍കിയത്. എന്നാല്‍ എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആരെന്ന കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല.
പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ചേലക്കര എംഎല്‍എയായിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വന്നത്.
ഈ ഉപതിരഞ്ഞെടുപ്പ് വിജയങ്ങള്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സൂചകങ്ങളായിരിക്കുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ് എല്‍ഡിഎഫിനും യുഡിഎഫിനും ഉപതിരഞ്ഞെടുപ്പുകള്‍ അഗ്നിപരീക്ഷ ആയി മാറുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയം ഉപതിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും എന്നാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ഇന്ന് പ്രതികരിച്ചത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഉപതിരഞ്ഞെടുപ്പില്‍ കണക്കുതീര്‍ക്കാനാണ് സിപിഎം ഒരുങ്ങുന്നത്.
ഈ ആത്മവിശ്വാസത്തില്‍ വേണം തദ്ദേശസ്വയം ഭരണ-നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ എന്നാണ് സിപിഎം തീരുമാനം.
അതുകൊണ്ട് തന്നെ വിജയം ഇരുമുന്നണികള്‍ക്കും അഭിമാന പ്രശ്നമാണ്. എന്നാല്‍ പാലക്കാട് സീറ്റ് യുഡിഎഫില്‍ നിന്നും പിടിച്ചെടുക്കാന്‍ കഴിയുമോ എന്നാണ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപിയുടെ നോട്ടം.
ചേലക്കര നിയമസഭ മണ്ഡലം നിലനിര്‍ത്തുക എന്നത് സിപിഎമ്മിന് പ്രസ്റ്റീജിന്റെ പ്രശ്നമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 83415 വോട്ടുകളാണ് രാധാകൃഷ്ണന്‍ നേടിയത്.
39400 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.സി.ശ്രീകുമാറിനെ രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി ഷാജുമോന്‍ വട്ടേക്കാടിനു ലഭിച്ചത് 24045 വോട്ടുകള്‍ മാത്രമാണ്.
ചേലക്കരയില്‍ ശക്തമായ എല്‍ഡിഎഫ്-യുഡിഎഫ് പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. മണ്ഡലം തിരിച്ചു പിടിക്കാന്‍ ആലക്കോട് എംപിയായിരുന്ന രമ്യ ഹരിദാസിനെയാണ് കോണ്‍ഗ്രസ് കളത്തില്‍ ഇറക്കുന്നത്.
ചേലക്കര വിജയിക്കാന്‍ കഴിഞ്ഞാല്‍ രമ്യക്ക് അത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്കുള്ള മധുരമായ പ്രതികാരമായി മാറും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച ഡോ.ടി.എൻ.സരസുവിനെയാകും ബിജെപി ചേലക്കരയില്‍ മത്സരിപ്പിക്കാനുള്ള സാധ്യത.
പാലക്കാട് ആണ് ശക്തമായ നിയമസഭാ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്. നാലായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ബിജെപിയുടെ ഇ.ശ്രീധരന്‍ കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത്.
ഷാഫി പറമ്പില്‍ 54079 വോട്ടുകള്‍ നേടിയപ്പോള്‍ മെട്രോമാന് 50220 വോട്ടുകള്‍ ലഭിച്ചിരുന്നു. സിപിഎമ്മിന്റെ അഡ്വ. സി.പി.പ്രമോദിന് 36433 വോട്ടുകളാണ് ലഭിച്ചത്. ചേലക്കരയെ അപേക്ഷിച്ച് ഇവിടെ യുഡിഎഫും ബിജെപിയും നേരിട്ടാണ് പോരാട്ടം.
പാലക്കാട് വിജയസാധ്യതയുള്ള സീറ്റ് ആയതിനാല്‍ സ്ഥാനാര്‍ത്ഥികളെ ചൊല്ലി ബിജെപിയില്‍ വടംവലി രൂക്ഷമാണ്. പാലക്കാട് നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സി.കൃഷ്ണകുമാറിനെ മത്സരിപ്പിക്കാന്‍ ഒരു വിഭാഗം രംഗത്തുള്ളപ്പോള്‍ മറ്റൊരു വിഭാഗം ശോഭാ സുരേന്ദ്രന് വേണ്ടി കരുക്കള്‍ നീക്കുകയാണ്.
വയനാട് ലോക്സഭാ സീറ്റില്‍ യുഡിഎഫ് വിജയം ഉറപ്പാണ്. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്നതില്‍ മാത്രമാണ് ചര്‍ച്ച നടക്കുന്നത്. മൂന്നര ലക്ഷത്തിലേറെ വോട്ടുകളാണ് കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയ്ക്ക് ഭൂരിപക്ഷം ലഭിച്ചത്.
രാഹുല്‍ 647445 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്തുള്ള എതിര്‍സ്ഥാനാര്‍ത്ഥി ഇടതുമുന്നണിയുടെ ആനി രാജയ്ക്ക് 283023 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിയുടെ കെ.സുരേന്ദ്രന് ലഭിച്ചത് 141045 വോട്ടുകളും. ഇക്കുറിയും ആനി രാജ തന്നെയോ അതോ ബിജി മോളോ സിപിഐ സ്ഥാനാര്‍ത്ഥിയായേക്കും. ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമായതിനാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ തന്നെയാകും ബിജെപി നിര്‍ത്താന്‍ സാധ്യത.
വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും നവംബര്‍ 13-ന് നടക്കും. നവംബര്‍ 23നാണ് വോട്ടെണ്ണല്‍.
ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ മല്‍സരം ബിജെപിക്ക് അത്ര സാധാരണം പോലെയല്ല. ഇത് വിജയ പ്രതീക്ഷ നല്‍കുന്ന മല്‍സരമാണ്. അതിനാല്‍ തന്നെ ബിജെപി ഈ തെരഞ്ഞെടുപ്പിനെ കാണുന്നത് ഗൗരവത്തോടെയാണ്.
വിജയത്തിന് സ്ഥാനാര്‍ഥി നിര്‍ണയം തന്നെയാകും ബിജെപിക്ക് നിര്‍ണായകമാകുക. സ്ഥാനാര്‍ഥി നിര്‍ണയവും പിന്നെ തോല്‍വിയുമെല്ലാം വിവാദമാകുന്നതാണ് ബിജെപിയുടെ ചരിത്രം.
ആ പതിവിന് ഇത്തവണ പാലക്കാട്ടും തെറ്റിയിട്ടില്ല. സി. കൃഷ്ണകുമാറിന് സാധ്യത കല്പിച്ചിരിക്കെ ശോഭാ സുരേന്ദ്രനുവേണ്ടി ഒരു വിഭാഗം ശക്തമായി രംഗത്ത് വന്നത് പാര്‍ട്ടിയെ സമ്മര്‍ദത്തിലാഴ്ത്തി.
അതേസമയം സി. കൃഷ്ണകുമാറിനെയോ കെ സുരേന്ദ്രനെയോ മല്‍സരിപ്പിച്ചാല്‍ വിജയം ഉറപ്പാണെന്ന പൊതുവികാരം ബിജെപിയിലുണ്ട്.
ഇ. ശ്രീധരന്‍ മല്‍സരിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശ്രീധരനോട് ഷാഫി വിജയിച്ചത് വെറും 3859 വോട്ടുകള്‍ക്കാണ്. ശ്രീധരന്‍റെ വിജയം തടയാന്‍ സിപിഎമ്മിന്‍റെ ഭാഗത്തുനിന്നും അന്ന് അയ്യായിരത്തോളം വോട്ടെങ്കിലും ഷാഫിക്ക് ലഭിച്ചുവെന്ന് കരുതുന്നവരുണ്ട്.
ചില അടിയൊഴുക്കുകള്‍ അന്ന് ബിജെപിയുടെ ഭാഗത്തും ഉണ്ടായിരുന്നു. ഇതെല്ലാം ഉണ്ടായിട്ടും ഷാഫിയുടെ ഭൂരിപക്ഷം 3859 -ല്‍ നിര്‍ത്താന്‍ കഴിഞ്ഞതാണ് ഇത്തവണ ഇവിടെ ബിജെപിയുടെ പ്രതീക്ഷ.
നാട്ടുകാരനായ സ്ഥാനാര്‍ഥി എന്നത് കൃഷ്ണകുമാറിന്‍റെ കാര്യത്തില്‍ ബിജെപിക്ക് ഗുണം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ തന്നെ മല്‍സരിച്ചാലും പ്രതീക്ഷ ശക്തമാണ്. പാര്‍ട്ടി തലത്തിലെ ഗ്രൂപ്പ് പോര് കെ സുരേന്ദ്രന്‍ സ്ഥാനാര്‍ഥി ആയാല്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ ആരാണ് സ്ഥാനാര്‍ഥി എന്ന ആകാംഷ ബിജെപിയില്‍ ശക്തമാണ്.
ഒരിക്കല്‍ മല്‍സരിച്ച മണ്ഡലത്തില്‍ വീണ്ടും മല്‍സരിക്കാനിറങ്ങാത്തതാണ് ശോഭാ സുരേന്ദ്രന്‍റെ പ്രത്യേകത. മണ്ഡലം മാറി മാറി നിന്നാല്‍ അത് മല്‍സരിച്ച മണ്ഡലത്തിലെ സ്വീകാര്യതയെ ബാധിക്കില്ല. ഒരിടത്ത് ആവര്‍ത്തിച്ച് മല്‍സരിക്കുകയും ഭൂരിപക്ഷം ഉയര്‍ത്തുകയും ചെയ്താല്‍ അത് സ്ഥാനാര്‍ഥിയുടെ ശക്തിപ്രകടനമായി കണക്കാക്കും.
പക്ഷേ ശോഭാ സുരേന്ദ്രന്‍ എല്ലായ്പോഴും മണ്ഡലം മാറി മല്‍സരിക്കുന്ന നേതാവാണ്. പുതുക്കാട്, ആറ്റിങ്ങല്‍, കഴക്കൂട്ടം, ആലപ്പുഴ എന്നിങ്ങനെ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഭാഗ്യം പരീക്ഷിച്ചു.
ഇപ്പോള്‍ പാലക്കാട്ടേയ്ക്ക് ശോഭാ സുരേന്ദ്രനെ പരിഗണിക്കുമ്പോള്‍ അതില്‍ സംസ്ഥാന നേതൃത്വത്തിന് മറ്റൊരു വെല്ലുവിളികൂടിയുണ്ട്. ശോഭ തോറ്റാല്‍ തെരഞ്ഞെടുപ്പിനു ശേഷം തോല്‍വിയുടെ ഉത്തരവാദിത്വം കെ സുരേന്ദ്രന്‍റെ ചുമലില്‍ ചാരാന്‍ ശ്രമം ഉണ്ടാകും. ശോഭാ അനുകൂലികള്‍ അതിനുള്ള നീക്കങ്ങള്‍ നടത്തുമെന്ന ഭയം സുരേന്ദ്രന്‍ പക്ഷത്തിനുണ്ട്. ഇരുവരും ഏറെക്കാലമായി കടുത്ത ഭിന്നതയിലാണ്
English Summary
By-elections to Wayanad Lok Sabha constituency and Chelakkara and Palakkad assembly constituencies on November 13