എസ്.ഐ. എൻ.ജെ.സുനേഖ് പ്രതി നിതീഷുമായി
കട്ടപ്പനയിൽ മോഷണത്തെ തുടർന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോൾ ഇരട്ടക്കൊല തെളിഞ്ഞ സംഭവത്തിൽ പ്രതികൾ പോലീസിന് മുന്നിൽ വ്യാജ തെളിവുകളും ഹാജരാക്കിയതായി സൂചന. മാർച്ച് രണ്ടിനാണ് നഗരത്തിലെ വർക്ക് ഷോപ്പിൽ മോഷണത്തിന് കയറിയ കാഞ്ചിയാർ നെല്ലാനിയ്ക്കൽ വിഷ്ണുവിനെ (27) വർക്ക് ഷോപ്പ് ഉടമയുടെ മകൻ ആക്രമിച്ച് കീഴ്‌പ്പെടുത്തിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതിയും ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിയുമായ പുത്തൻപുരയ്ക്കൽ നിതീഷ് സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടിരുന്നു.
തുടർന്ന് മോഷണക്കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന കട്ടപ്പന എസ്.ഐ. എൻ.ജെ.സുനേഖിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തപ്പോൾ താൻ രാത്രി കൊച്ചിയിലായിരുന്നു എന്നും പുലർച്ചെ സ്ഥലത്തെത്തിയതാണെന്നും മോഷണത്തിൽ പങ്കില്ലെന്നും നിതീഷ് മൊഴി നൽകി. ഇത് വിശ്വസിക്കാതിരുന്ന പോലീസിനെ ഇയാൾ എത്തിയ ബസ് ടിക്കറ്റുൾപ്പെടെ കാണിച്ചുകൊടുത്തു. എന്നാൽ എസ്.ഐ. എൻ.ജെ. സുനേഖ് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ തലേദിവസം എടുത്ത ഏലത്തോട്ടത്തിന്റെ ചിത്രം ലഭിച്ചു. കൊച്ചിയിൽ എവിടെയാണ് ഏലത്തോട്ടം എന്ന ചോദ്യം പ്രതിയെ കുഴക്കി. തുടർന്ന് പ്രതിയെ പോലീസ് മോഷണക്കേസിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണക്കേസിനെ തുടർന്ന് നടന്ന് അന്വേഷണത്തിലാണ് ഇരട്ടക്കൊലക്കേസ് തെളിയുന്നത്. ബസ് ടിക്കറ്റ് ഇയാൾ പോലീസിനെ കബളിപ്പിക്കാൻ കട്ടപ്പന ബസ് സ്റ്റാൻഡിൽ നിന്നും സംഘടിപ്പിച്ചതായാണ് പോലീസ് കരുതുന്നത്. നിതീഷിനെ ചോദ്യം ചെയ്തതിലൂടെയാണ് ഇരട്ടക്കൊലക്കേസ് പുറംലോകം അറിഞ്ഞത്. മോഷണക്കേസിൽ മുഖ്യപ്രതി നിതീഷിനെ കസ്റ്റഡിയിൽ എടുത്തില്ലെങ്കിൽ ഇരട്ടക്കൊലക്കേസിലേയ്ക്ക് പോലീസിന് എത്താനാകുമായിരുന്നില്ല.
ദൃശ്യം സിനിമയുമായി ഏറെ സാദൃശ്യമുണ്ട് ഈ കേസിന് ദൃശ്യം മാതൃകയിൽ കെട്ടിടത്തിന്റെ തറയിലാണ് കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കുഴിച്ചിട്ടത്. തുടർന്ന് തറഭാഗം കോൺക്രീറ്റ് ചെയ്തു. 2016 ജൂലായിലാണ് നവജാത ശിശുവിന്റെ കൊലപാതകം നടന്നത്. മുഖ്യപ്രതി നിതീഷിന് വിജയന്റെ മകളിൽ ഉണ്ടായ ആൺകുട്ടിയെ കൊല്ലുകയായിരുന്നു. നിതീഷാണ് കുഞ്ഞിനെ തുണി കൊണ്ട് മുഖത്ത് കെട്ടി ശ്വാസം മുട്ടിച്ച് കൊന്നത്. കുഞ്ഞിനെ സാഗര ജങ്ഷന് സമീപമുള്ള വിജയന്റെ വീട്ടിൽ കുഴിച്ചിട്ടുവെന്ന് നിതീഷ് മൊഴി നൽകിയിരുന്നു.2023 ഓഗസ്റ്റിലെ ഒരു രാത്രിയിൽ വിജയനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. വിജയന്റെ മൃതദേഹം കാഞ്ചിയാറിലെ വീടിന്റെ തറ പൊളിച്ച് നടത്തിയ പരിശോധനയിൽ പോലീസ് കണ്ടെടുത്തിരുന്നു.
കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛനും കേസിലെ പ്രധാന പ്രതിയുമായ പാറക്കടവ് പുത്തൻപുരയ്ക്കൽ നിതീഷിന്റെ (രാജേഷ്-31) സാന്നിധ്യത്തിലായിരുന്നു കക്കാട്ടുകടയിലെ വാടക വീടിന്റെ തറ പൊളിച്ചു പരിശോധിച്ചത്.
അച്ഛനേയും അനന്തരവനേയും കൊന്ന കേസിൽ വിജയന്റെ മകൻ വിഷ്ണു(29)വും പ്രധാന പ്രതിയാണ്.