മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ വൻ ബസ് അപകടം. ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 41 പേരുടെ ജീവനാണ് ഇതുവരെ നഷ്ടമായിരിക്കുന്നത്. മെക്സിക്കോയുടെ തെക്കൻ മേഖലയിൽ ചെറുനഗരമായ എസ്കാർസെഗയ്ക്ക് സമീപത്തായാണ് അപകടമുണ്ടായത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കാൻകുനിൽ നിന്ന് ടാബാസ്കോയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.
കൂട്ടിയിടിക്ക് പിന്നാലെ ബസ് പൂർണമായും കത്തി നശിച്ചു. ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയുന്നതിനു മുൻപേ ദുരന്തം സംഭവിച്ചതിനാലാണ് മരണസംഖ്യ ഉയർന്നത്. ബസിൽ 48 യാത്രക്കാരും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ 18 തലയോട്ടികളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ടൂർസ് അകോസ്റ്റ എന്ന സ്ഥാപനത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
38 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ട്രാക്ക് ഡ്രൈവറും കൊല്ലപ്പെട്ടു.