ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വംശജന് നേരെ ആക്രമണം
ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വംശജന് നേരെ ക്രൂരമായ ആക്രമണം. ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങി പുറത്തു വന്ന സൗരഭ് ആനന്ദ് എന്ന ഇന്ത്യൻ വംശജനായ 33-കാരനാണ് ആക്രമിക്കപ്പെട്ടത്.
ആൾട്ടോണ മെഡോസിലെ സെൻട്രൽ സ്‌ക്വയർ ഷോപ്പിംഗ് സെന്ററിന് പുറത്ത് ആണ് ക്രൂരമായ ആക്രമണം നടന്നത്. ഷോപ്പിംഗ് സെന്ററിന് പുറത്തു വന്ന സൗരഭിനെ അഞ്ച് പേർ ചേർന്ന് വളയുകയായിരുന്നു.
ഒരാൾ തോക്ക് ചൂണ്ടിയതായും മറ്റൊരാൾ സൗരഭ് വീഴുന്നതുവരെ ആവർത്തിച്ച് ഇടിച്ചതായും റിപ്പോർട്ടുണ്ട്. മൂന്നാമത്തെ യുവാവ് ആനന്ദിന്റെ തൊണ്ടയിൽ ഒരു വടിവാൾ വച്ചു.
അതിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കൈത്തണ്ട മുറിഞ്ഞു തൂങ്ങിയത്. കൈയ്ക്ക് പുറമേ, സൗരഭിന്റെ പുറകിലും തോളിലും കുത്തേറ്റിരുന്നു.
നട്ടെല്ലിന് പൊട്ടൽ, തലയ്ക്ക് പരിക്ക്, കൈയിലെ ഒന്നിലധികം എല്ലുകൾ ഒടിഞ്ഞ മുറിവുകൾ എന്ന അവസ്ഥയായിരുന്നു. ജൂലൈ 19നായിരുന്നു ആക്രമണം നടന്നത്.
സൗരഭിന്റെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവരാണ് ആംബുലൻസിനെയും പോലീസിനെയും വിളിച്ചത്. ആംബുലൻസ് എത്തി സൗരഭിനെ റോയൽ മെൽബൺ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കൈ മുറിച്ചു മാറ്റാൻ ആയിരുന്നു ശസ്ത്രക്രിയാ വിദഗ്ധർ ആദ്യം തീരുമാനിച്ചത് എന്നാൽ പിന്നീട് കൈത്തണ്ടയും കൈയും സ്ഥിരപ്പെടുത്താൻ സ്ക്രൂകൾ ഇട്ട സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തി.
സൗരഭിനെ ആക്രമിച്ച അഞ്ച് കൗമാരക്കാരിൽ നാലുപേരെ വിക്ടോറിയ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അതിൽ രണ്ടു പേർക്ക് ജാമ്യം ലഭിച്ചു. ജാമ്യം കിട്ടിയവർ ഓഗസ്റ്റ് 11 ന് കോടതിയിൽ ഹാജരാകണം.
മറ്റു രണ്ടു പേരെ ഓഗസ്റ്റ് 15 ന് കോടതിയിൽ ഹാജരാകും. അഞ്ചാമത്തെ പ്രതി ഇപ്പോഴും ഒളിവിലാണ്. . ആക്രമണ കാരണം വെളിപ്പെടുത്തിയിട്ടില്ല.
ഓസ്‌ട്രേലിയയിൽ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ മലയാളി ഭാര്യയ്ക്കും കാമുകനും കനത്ത ശിക്ഷ..! നിർണായക തെളിവായി ആ ഡയറിക്കുറിപ്പുകൾ
ഓസ്‌ട്രേലിയയിലെ മെൽബണിൽ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും തടവ്.
ഭർത്താവ് സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസിൽ സാമിന്റെ ഭാര്യ സോഫിയക്ക് 22 വർഷം തടവ് ശിക്ഷയാണ് ലഭിച്ചത്.
സോഫിയുടെ കാമുകനും പ്രധാന പ്രതിയുമായ അരുൺ കമലാസനന് 27 വർഷം തടവ് ശിക്ഷയും വിധിച്ചു. ഫെബ്രുവരിയിൽ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
വിക്ടോറിയൻ സുപ്രീം കോടതിയാണ് വിധി പ്രസ്താവിച്ചത്. കൊല്ലം സ്വദേശികളായ സാമും സോഫിയയും തമ്മിൽ പ്രണയവിവാഹമായിരുന്നു.
എന്നാൽ, വിവാഹശേഷവും സോഫിയക്ക് അരുണുമായി ബന്ധമുണ്ടായിരുന്നു.മെൽബണിൽ താമസിക്കുന്നതിനിടെ ഇരുവരും ചേർന്ന് സാമിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും നടപ്പാക്കുകയും ആയിരുന്നു.
2015 ഒക്ടോബർ 13ന് ആയിരുന്നു സംഭവം. ഉറങ്ങിക്കിടന്നിരുന്ന സാമിനെ കൊലപ്പെടുത്താനായി സോഫിയയും അരുണും ചേർന്ന് ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തി സാമിന്റെ വായിലേക്ക് ഒഴിച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് സാം ഉറക്കത്തിൽ മരിച്ചുവെന്ന് സോഫിയ വീട്ടുകാരെ അറിയിച്ചു.
ഒരു വർഷത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പോലീസ് കണ്ടെത്തിയത്.
സാമിനെ മുൻപും ഇവർ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്. സോഫിയയുടെയും അരുണിൻ്റെയും ഡയറിക്കുറിപ്പുകളും കോടതിയിൽ നിർണായക തെളിവായി.
പോസ്റ്റ്‌മോർട്ടത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. . തുടർന്ന് നടത്തിയ അന്വേഷണത്തിൽ സോഫിയയും അരുണും അറസ്റ്റിലായി.









