പുതിയ 19 റൂട്ടുകളിൽ പുതുപുത്തൻ വന്ദേഭാരത് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റയിൽവേ. സൗത്ത് ഈസ്റ്റേൺ റെയിൽവേ സോൺ, തിരക്കേറിയ 19 റൂട്ടുകളിൽ വന്ദേ ഭാരത് മെട്രോ ട്രെയിൻ ഉടൻ ആരംഭിക്കുന്നു. ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ വന്ദേ ഭാരത് മെട്രോ ട്രെയിൻ ഓടിക്കാൻ റെയിൽവേ നടത്തിയ സർവേ പ്രകാരമാണ് തീരുമാനം. കൂടുതൽ കൂടുതൽ യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളോടെ വന്ദേ ഭാരത് മെട്രോ ട്രെയിനിൻ്റെ സൗകര്യം ലഭിക്കുന്നതിനായി ടാറ്റാനഗർ വഴി ഗയ, ഹൗറ, ധൻബാദ് റൂട്ടിൽ വന്ദേ ഭാരത് മെട്രോ ട്രെയിൻ ഓടിക്കാൻ റെയ്ൽവേയ്ക്ക് പദ്ധതിയുണ്ട്. പുതിയ പദ്ധതി പ്രകാരം, റാഞ്ചി, ബൊക്കാറോ, റൂർക്കേല, ടോറി, അസൻസോൾ, ഖരഗ്പൂർ എന്നിവിടങ്ങളിൽ നിന്ന് ദിഘ, ബാലസോർ എന്നിവിടങ്ങളിലേക്കും മറ്റ് റൂട്ടുകളിലേക്കും വന്ദേ ഭാരത് മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കും. ഇക്കൂട്ടത്തിൽ പക്ഷെ കേരളത്തിന് പ്രതീക്ഷയ്ക്ക് വകയില്ല.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വന്ദേ ഭാരത് ട്രെയിനുകൾ തുടർച്ചയായി റയിൽവേ ഇറക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. അതിവേഗത്തിൽ ഓടുന്ന ഈ ട്രെയിനുകൾ ആളുകളുടെ യാത്രയെ സവിശേഷവും എളുപ്പവുമാക്കുന്നു. രാജ്യത്ത് 82-ലധികം വന്ദേഭാരത് ട്രെയിനുകൾ ഓടുന്നുണ്ടെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ഫെബ്രുവരിയിലാണ് ഈ കണക്ക് നൽകിയത്. വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.