എല്ലാ നഗ്നചിത്രങ്ങളും അശ്ലീലമല്ലെന്ന് മുംബെെ ഹൈക്കോടതി. പ്രശസ്ത കലാകാരന്മാരായ എഫ്എൻ സൂസയുടെയും അക്ബർ പദംസിയുടെയും കലാസൃഷ്ടികൾ ‘അശ്ലീലം’ എന്നാരോപിച്ച് കസ്റ്റംസ് തടഞ്ഞതിനെതിരെയുള്ള പരാതി പരിഗണിക്കുകയായിരുന്നു കോടതി. ഇവ കസ്റ്റംസ് വകുപ്പിനോട് കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എംഎസ് സോനക്, ജിതേന്ദ്ര ജെയിൻ എന്നിവർ മുംബൈ കസ്റ്റംസിൽ നിന്നുള്ള 2024 ലെ ഉത്തരവ് ‘വികൃതിയും യുക്തിരഹിതവും’ എന്നാണ് ചൂണ്ടിക്കാട്ടി റദ്ദാക്കി. തടഞ്ഞ ചിത്രങ്ങൾ രണ്ടാഴ്ചയ്ക്കകം ഉടമസ്ഥന് തിരിച്ചുനൽകണമെന്നും നിർദേശിച്ചു.
ലൈംഗികതയും അശ്ലീലവും എപ്പോഴും പര്യായമല്ലെന്ന് മനസ്സിലാക്കുന്നതിൽ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ പരാജയപ്പെട്ടു. അശ്ലീല സാമഗ്രികൾ എന്നത് മനഃപൂർവം ലൈംഗികതയെ ഉത്തേജിപ്പിക്കുന്നതാണ്. നഗ്നചിത്രങ്ങളെ അത്തരത്തിൽ കണക്കാക്കാനാകില്ല. ഇത്തരം കലാസൃഷ്ടികൾ കാണണമെന്നോ ആസ്വദിക്കണമെന്നോ എല്ലാവരെയും നിർബന്ധിക്കുന്നില്ല. അതേസമയം കലാസൃഷ്ടികളെ വിലയിരുത്തുമ്പോൾ മുൻധാരണകളോ പ്രത്യയശാസ്ത്ര നിലപാടുകളോ സ്വാധീനം ചെലുത്താൻ പാടില്ല– കോടതി പറഞ്ഞു.
കസ്റ്റംസ് വിഭാഗത്തിന്റെ ഉത്തരവിനെതിരെ വ്യവസായിയും കലാസ്വാദകനുമായ മുസ്തഫ കറാച്ചിവാല നൽകിയ പരാതിയിലാണ് കോടതി ഇടപെടൽ. ഇന്ത്യൻ കലയിൽ ആധുനികത അവതരിപ്പിച്ച ചിത്രകാരന്മാരാണ് സൗസയും പദംസിയും. ലണ്ടനിൽ വച്ച് നടന്ന രണ്ട് ലേലങ്ങളിലാണ് ഇവരുടെ 7ചിത്രങ്ങൾ മുസ്തഫ വാങ്ങിയത്. എന്നാൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനിടെ അശ്ലീലം ആരോപിച്ച് ചിത്രങ്ങൾ തടയുകയായിരുന്നു.
English summary : Bombay High Court says that all nude pictures are not obscene; Directed to return the withheld images