ജസ്റ്റിസ് ജാദവിന്റെ സിംഗിള്‍ ബെഞ്ച് ആണ് പിഴ ചുമത്തിയത്
മുംബൈ: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റിനെതിരേ പിഴ ചുമത്തി ബോംബെ ഹൈക്കോടതി. റിയല്‍ എസ്‌റ്റേറ്റ് വ്യവസായിക്കെതിരെ ലഭിച്ച കള്ളപ്പണക്കേസ് വെളുപ്പിക്കല്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചതിനാണ് നടപടി. ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.(Bombay High Court fined E.D)
ജസ്റ്റിസ് ജാദവിന്റെ സിംഗിള്‍ ബെഞ്ച് ആണ് പിഴ ചുമത്തിയത്. കേന്ദ്ര ഏജന്‍സികള്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് പ്രവര്‍ത്തിക്കണമെന്നും കോടതി ഓർമിപ്പിച്ചു. രാജ്യത്തെ പൗരര്‍ ഒരുതരത്തിലും ക്ലേശം നേരിടേണ്ടിവരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുള്ള ‘ശക്തമായ സന്ദേശം’ നിയമം നടപ്പിലാക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറേണ്ടതുണ്ടെന്നും സിംഗിള്‍ ബെഞ്ച് വിശദീകരിച്ചു.
റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ രാകേഷ് ജയിനെതിരെ ഇ.ഡി. സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 2014 ഓഗസ്റ്റില്‍ പ്രത്യേക കോടതി സ്വീകരിച്ച നടപടി (സമന്‍സ് / നോട്ടീസ്) ഹൈക്കോടതി റദ്ദാക്കി. ഇ.ഡി. പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ നിയമം കയ്യിലെടുക്കുന്നതും പൗരരെ ഉപദ്രവിക്കുന്നതും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് യാദവ് ചൂണ്ടിക്കാട്ടി.