19 വയസ്സുള്ള യുവതിക്ക് 25 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി. മെയ് 27 ന് സമർപ്പിച്ച ഹർജിയിൽ 25 ആഴ്ചത്തെ ഗർഭം അവസാനിപ്പിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. താൻ താഴ്ന്ന വരുമാനമുള്ള വിഭാഗത്തിൽ നിന്നുള്ളയാളാണെന്ന് പ്രസ്താവിച്ച യുവതി, ഗർഭധാരണത്തിൻ്റെ ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങളും സാമൂഹിക അവഹേളനവുമാണ് ഗർഭം അവസാനിപ്പിക്കാനുള്ള ആഗ്രഹത്തിൻ്റെ പ്രാഥമിക കാരണമെന്ന് പറഞ്ഞു.
വാദം കേട്ട ജസ്റ്റിസുമാരായ സോമശേഖർ സുന്ദരേശൻ, എൻആർ ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു. യുവതിയുടെ ശരീരത്തെക്കുറിച്ച് സ്വയംഭരണാധികാരമുള്ള തിരഞ്ഞെടുപ്പ് നടത്താനും മെഡിക്കൽ ടെർമിനേഷൻ തിരഞ്ഞെടുക്കുന്ന രൂപത്തിൽ അത് പ്രയോഗിക്കാനുമുള്ള അവളുടെ പരമാധികാരം അംഗീകകുറിക്കുന്നതായി കോടതി പറഞ്ഞു. ഗർഭസ്ഥശിശുവിന് ഹൃദയമിടിപ്പ് ഉണ്ടെന്ന് അവൾക്ക് പൂർണ്ണമായി അറിയാമെന്നും നടപടിക്രമങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കിയ ശേഷവും ഗർഭം അലസിപ്പിക്കാൻ യുവതി തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം കുട്ടിക്ക് കുഴപ്പം ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും യുവതിയുടെ വൈകാരികവും മാനസികവുമായ ആരോഗ്യനില കൂടി പരിഗണിക്കുന്നതായി കോടതി നിരീക്ഷിച്ചു. സസൂൺ ഹോസ്പിറ്റലിലെ മെഡിക്കൽ ബോർഡ് ഹരജിക്കാരിയെ പരിശോധിച്ച് കൗൺസിലിംഗ് നടത്തി കോടതിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചു, യുവതിയുടെ നിലവിലെ മാനസിക നില, സാമൂഹിക സാംസ്കാരിക, സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ, ഗർഭം തുടരുന്നത് ഗുരുതരമായ മാനസിക ആഘാതത്തിനു കാരണമാകും എന്ന റിപ്പോർട്ടാണ് നൽകിയത്. ഇതിനെ തുടർന്നാണ് നടപടി.