ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. എട്ട് സ്കൂളുകൾക്ക് നേരെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.(Bomb threats against eight schools in Tiruchirappalli)
ബോംബ് ഡിസ്പോസൽ ടീമുകളെയും സ്നിഫർ ഡോഗുകളെയും ഉപയോഗിച്ച് സ്‌കൂളുകളിൽ തെരച്ചിൽ നടത്തുകയാണ്. ഗാന്ധി ജയന്തി അവധി കഴിഞ്ഞ് ഇന്ന് സ്കൂളുകൾക്ക് പ്രവൃത്തിദിനം ആണ്. തിരുച്ചിറപ്പള്ളിയുടെ പല ഭാഗങ്ങളിലുള്ള സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, സമദ് ഹയർ സെക്കൻഡറി സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ, ആചാര്യ ശിക്ഷാ മന്ദിർ സ്കൂൾ, രാജം കൃഷ്ണമൂർത്തി പബ്ലിക് സ്‌കൂൾ, അമൃത വിദ്യാലയം തുടങ്ങി നഗരത്തിലെയും ഗ്രാമങ്ങളിലെയും എട്ട് സ്‌കൂളുകൾക്കാണ് ഭീഷണി.
എന്നാൽ തെരച്ചിലിൽ ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജഭീഷണി ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഐപി അഡ്രസ് നോക്കി ആരാണ് ഇ മെയിൽ അയച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.