സുനാമിയിൽ കാണാതായ 6 വയസ്സുകാരിയുടെ മൃതദേഹം 14 വര്‍ഷത്തിനുശേഷം കണ്ടെത്തി
2011 മാർച്ച് 11. ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 9.0 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായി, പിന്നാലെ കനത്ത സുനാമിയും. ആ ദിവസം ആയിരക്കണക്കിന് ആളുകൾ കാണാതാവുകയും, വീടുകൾ, ഗ്രാമങ്ങൾ, തീരപ്രദേശങ്ങൾ എല്ലാം സമുദ്രത്തിന്റെ ഉഗ്രതയിൽ വിഴുങ്ങിപ്പോകുകയും ചെയ്തു.
ആ ദുരന്തത്തിൽ അപ്രത്യക്ഷയായവരിൽ ഒരാളായിരുന്നു ആറുവയസ്സുകാരി നാറ്റ്സുസെ യമാനെ. പതിനാലു വർഷങ്ങൾക്ക് ശേഷം, അവളുടെ ശരീരഭാഗങ്ങൾ കണ്ടെത്തി കുടുംബത്തിന് തിരികെ നൽകി — വർഷങ്ങളായുള്ള വേദനയുടെ അവസാനമെന്ന പോലെ.
ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിലെ ഇവാട്ടെ പ്രിഫെക്ചറിലെ യമദ പട്ടണത്തിൽ ആയിരുന്നു നാറ്റ്സുസെയുടെ വീട്. ദുരന്തം അന്ന് പട്ടണത്തെ പൂർണ്ണമായും തകർത്തിരുന്നു.
മുത്തശ്ശിയോടൊപ്പമായിരുന്നു നാറ്റ്സുസെ ഉണ്ടായിരുന്നത്. വീട്ടിൽ നിന്ന് അഭയകേന്ദ്രത്തിലേക്ക് പോകുന്ന വഴിയിലായിരുന്നു അവൾ കാണാതായത് എന്ന് അമ്മ ചിയുമി യമാനെ ഓർത്തുപറഞ്ഞു.
സുനാമിയിൽ കാണാതായ 6 വയസ്സുകാരിയുടെ മൃതദേഹം 14 വര്‍ഷത്തിനുശേഷം കണ്ടെത്തി
അതേസമയം ഭൂകമ്പം പട്ടണത്തിൽ വൻ തീപിടിത്തത്തിനും കാരണമായി. മുത്തശ്ശിക്ക് അത്ഭുതകരമായി രക്ഷപ്പെടാനായെങ്കിലും, ചെറിയ നാറ്റ്സുസെ ആ ദുരന്തത്തിൽ വീണുപോയി.
അന്ന് മുതൽ കുടുംബം ഒരു പ്രതീക്ഷയും വിടാതെ തിരച്ചിൽ തുടർന്നു. പോലീസ്, രക്ഷാസേന, നാട്ടുകാർ – എല്ലാവരും ചേർന്ന് അവളെ കണ്ടെത്താൻ ശ്രമിച്ചു.
താൽക്കാലിക മോർച്ചറികളിലും അഭയകേന്ദ്രങ്ങളിലും എല്ലായിടത്തും അവർ തിരഞ്ഞു. ആറുമാസത്തെ നിരന്തരം തിരച്ചിലിനും അന്വേഷണം നടത്തിയിട്ടും, നാറ്റ്സുസെയുടെ ഒരു വിവരം പോലും ലഭിച്ചില്ല.
ഒടുവിൽ തളർന്ന കുടുംബം അവളെ “മരിച്ചവരിൽ” ഉൾപ്പെടുത്തി പ്രാദേശിക ഭരണകൂടത്തിന് റിപ്പോർട്ട് നൽകി.
എന്നിരുന്നാലും, കുടുംബം പ്രതീക്ഷ വിടാതെ അവളുടെ ജന്മദിനം എല്ലാ വർഷവും ജൂൺ മാസത്തിൽ ആഘോഷിച്ചു. കേക്ക് മുറിച്ച്, അവൾക്കായി ഒരു വിളക്ക് കത്തിച്ച്, “നീ ഒരിക്കൽ തിരിച്ചുവരും” എന്ന വിശ്വാസം അവർ നിലനിർത്തി. അതിനിടയിൽ വർഷങ്ങൾ കടന്നു പോയി.
പക്ഷേ, ഈ വർഷം ഒക്ടോബറിൽ ഒരു ഫോൺ കോൾ അവളുടെ മാതാപിതാക്കളായ 49-കാരി ചിയുമിയെയും ഭർത്താവ് 52-കാരൻ ടോമോനോറി യമാനെയെയും അതിശയത്തിലും വേദനയിലും ആഴ്ത്തി.
നാറ്റ്സുസെ കാണാതായ ഇവാട്ടെ പ്രിഫെക്ചറിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള മിയാഗി പ്രിഫെക്ചറിലെ മിനാമി-സാൻറികു പട്ടണത്തിൽ നിന്നാണ് കോൾ വന്നത്.
അവിടെ മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തിയതായും, അത് അവരുടെ മകളുടേതാകാമെന്നും അന്വേഷണസംഘം അറിയിച്ചു.
ശേഷം പോലീസ് നടത്തിയ ഡിഎൻഎ പരിശോധനയിൽ, അത് നാറ്റ്സുസെയുടേതാണെന്ന് സ്ഥിരീകരിച്ചു. പതിനാലു വർഷമായി കാണാതായിരുന്ന കുഞ്ഞിനെ, ഒടുവിൽ അവളുടെ കുടുംബം ഒക്ടോബർ 16-ന് ഏറ്റുവാങ്ങി. ആ നിമിഷം വേദനയും ആശ്വാസവും നിറഞ്ഞതായിരുന്നു.
“വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒടുവിൽ അവളെ വീട്ടിലേക്ക് കൊണ്ടുവന്നു,”— പൊട്ടിക്കരഞ്ഞുകൊണ്ട് ചിയുമി യമാനെ പറഞ്ഞു.
നാറ്റ്സുസെയുടെ സഹോദരനും പിതാവും ആ നിമിഷം കണ്ണുനീരടക്കി അവളുടെ ഓർമ്മയിൽ നിശബ്ദമായി നിന്നു. പിതാവ് പറഞ്ഞു: “ഞങ്ങൾ ഓരോ വർഷവും അവളുടെ ജന്മദിനത്തിൽ കേക്ക് വെച്ചു. ഇന്ന്, അവൾ ശരിക്കും വീട്ടിലാണ്.”
2011-ലെ തോഹോകു ഭൂകമ്പവും സുനാമിയും ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നാണ്. 15,000-ലധികം പേർ മരിച്ചു, 2,500-ൽ കൂടുതൽ പേർ ഇന്നും കാണാതാവുകയോ തിരിച്ചുകിട്ടാതിരിയ്ക്കുകയോ ചെയ്തിട്ടുണ്ട്.
നാറ്റ്സുസെയുടെ കഥ, ആ ദുരന്തത്തിൽ വീണുപോയ അനേകരുടെ കുടുംബങ്ങൾക്കും പ്രതീക്ഷ നൽകുന്ന ഒരു ഓർമ്മയാണ് — ഒരിക്കൽ എങ്കിലും, അവരുടെ പ്രിയപ്പെട്ടവർക്ക് വീട്ടിലേക്ക് മടങ്ങിവരാൻ കഴിയുമെന്ന്.









