താനൂർ: ആഴക്കടലിൽ മീൻപിടിത്തത്തിനിടെ ബോട്ടിനു തീപിടിച്ചു. കഴിഞ്ഞദിവസം വൈകിട്ട് നാലിനു പാലപ്പെട്ടി ഭാഗത്തു വച്ചായിരുന്നു തീപിടുത്തമുണ്ടായത്. 45 തൊഴിലാളികൾ ഉണ്ടായിരുന്ന ബോട്ടിനാണ് തീപിടിച്ചത്. ചില തൊഴിലാളികൾക്കു നിസ്സാര പരിക്കേറ്റു.(Boat catches fire while fishing; The workers suffered burns)
ഒട്ടുംപുറം കമ്പനിപ്പടിയിലെ കെ.പി.അൻവറിന്റെ ഉടമസ്ഥതയിലുള്ള, സി.എം.അബ്ദുറഹിമാൻ ഗ്രൂപ്പ് ലീഡറായ അൽ ഖൈറാത്ത് എന്ന ബോട്ടിലാണ് സംഭവം. എൻജിൻ ഭാഗത്തു നിന്നാണ് തീ ഉയർന്നത്. ഉടൻ തൊഴിലാളികൾ ബോട്ടിലുണ്ടായിരുന്ന കുടിവെള്ളം ഒഴിച്ച് തീയണച്ചു. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയായതിനാൽ എൻജിന് അടുത്ത് തൊഴിലാളികൾ ഉണ്ടായിരുന്നില്ല. സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ, ഡീസൽ ടാങ്ക് എന്നിവയിലേക്ക് തീപടരാതെ വെള്ളം തളിച്ച് കൂടുതൽ അപകടം ഒഴിവാക്കി.
അടുത്തുണ്ടായിരുന്ന മറ്റൊരു വള്ളം ഉപയോഗിച്ചു കെട്ടിവലിച്ച് ബോട്ട് ചേറ്റുവയിൽ അടുപ്പിച്ചു. തൊഴിലാളികൾക്ക് പ്രാഥമിക ചികിത്സ നൽകി. പുലർച്ചെ അഞ്ചിനു പൊന്നാനിയിൽ നിന്നാണ് ബോട്ട് മീൻപിടിത്തത്തിനായി പുറപ്പെട്ടത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ 7 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിവരം.