കൊച്ചി: തൃപ്പൂണിത്തുറയിൽ നടന്ന സ്ഫോടനത്തിന്റെ ആഘാതം രണ്ടു കിലോമീറ്റർ വരെ അനുഭവപ്പെട്ടതായി റിപ്പോർട്ട്. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനവസ്തുക്കൾ കൊണ്ടുവന്ന വാഹനം സ്ഫോടനത്തിന്റെ ആഘാതത്തിൽ ആകാശത്തേക്ക് ഉയർന്നു പൊങ്ങിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. വലിയ ഉയരത്തിൽ തീജ്വാലകൾ ഉയർന്നതോടെ സമീപത്തു നിന്ന മാവ് കരിഞ്ഞുണങ്ങി. തൊട്ടടുത്ത് കിടന്നിരുന്ന മറ്റൊരു കാറും കത്തിനശിച്ചു.
ബലക്ഷയം പറ്റിയ കെട്ടിടങ്ങളിൽ ആളുകൾ പ്രവേശിക്കരുത് എന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കെട്ടിടത്തിൻ്റെ സമീപത്തേക്കും പോകരുതെന്ന് മൈക്ക് അനൗൺസ്മെൻ്റിലൂടെ പൊലീസ് അറിയിച്ചു. സ്ഫോടനത്തിൽ ഡേ കെയറിന്റെ മേൽക്കൂര തകർന്നിട്ടുണ്ട്. സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തൃപ്പൂണിത്തുറയിൽ പുതിയകാവ് ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായാണ് വസ്തുക്കൾ എത്തിച്ചത്. വടക്കുംഭാഗം ഭാഗത്തെ വെടിക്കെട്ടിനുള്ള വസ്തുക്കൾ കൊണ്ടുവന്ന വാഹനമടക്കമാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ പത്തരയോടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘവും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Read Also: കൊച്ചിയിൽ പടക്ക സ്ഫോടനം : ഒരാൾ മരിച്ചു